തിരുവനന്തപുരം:  കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ എട്ടാമത് വാര്‍ഷികാചരണ പരിപാടിയായ ‘സ്മൃതി 21’ തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.  അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്കാലിക സംരക്ഷണം, കൗണ്‍സിലിംഗ്, നിയമസഹായം ഉള്‍പ്പടെ നിരവധി സേവനങ്ങളാണ് ജെന്റര്‍ ഹെല്‍പ്പ് ലൈന്‍ വഴി നല്‍കുന്നത്.

2013ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹെല്‍പ്പ് ഡെസ്‌കില്‍ നാളിതുവരെ 2,209 ടെലി കേസുകളും 1,112 നേരിട്ടുള്ള പരാതികളും ലഭിച്ചിട്ടുണ്ട്.  1.484 പേര്‍ക്കു കൗണ്‍സിലിംഗും 913 പേര്‍ക്ക് താത്കാലിക അഭയവും നല്‍കി.  കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.ആര്‍ ഷൈജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് എഡ്യൂക്കേറ്റര്‍മാര്‍, സ്നേഹിത കൗണ്‍സിലര്‍ അനിതകുമാരി എന്നിവര്‍ സംബന്ധിച്ചു.