കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് പഞ്ചായത്തുകളിലെ പതിമൂന്ന് പേര്‍ക്കാണ് സൗജന്യമായി മുച്ചക്ര സ്‌കൂട്ടറും വീല്‍ചെയറുകളും വിതരണം ചെയ്തത്.
2017-2018 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
ഒന്‍പത് ലക്ഷം രൂപയുടെ പദ്ധതിയില്‍ 13 മുച്ചക്രങ്ങളാണ് വിതരണം ചെയ്യാന്‍ ഒരുക്കിയിരുന്നത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാണ് ബോക്ക് പഞ്ചായത്ത് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തത്.
പഞ്ചായത്തുകളില്‍ നിന്നും ഗ്രാമസഭയില്‍ അപേക്ഷ നല്‍കിയ 40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കാണ് സ്‌കൂട്ടറുകള്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷവും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പതിമൂന്ന് സ്‌കൂട്ടറുകള്‍ ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്തിരുന്നു.
ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് അന്നമ്മ രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ ജോസ് പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സുധര്‍മന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ്. പുത്തന്‍കാല, ബ്ലോക്ക് വികസന കാര്യ
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പദ്മാചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി സുനില്‍, ജമീല പ്രദീപ്, വൈസ് പ്രസിഡന്റ് സിനി ആല്‍ബര്‍ട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സരോജിനി തങ്കപ്പന്‍, നയന ബിജു, പ്രമോദ് സിബി, സന്തോഷ് സി.എന്‍, ഡിഡിപിഒ സുലോചന, മറ്റ് ജനപ്രതിനിധികള്‍, ഭിന്നശേഷി ക്കാര്‍,
പങ്കെടുത്തു.