മലപ്പുറം:  മന്ത്രിമാരായ ഡോ.കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ‘സാന്ത്വന സ്പര്‍ശം’ എന്ന പേരില്‍ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒന്‍പത്, 11 തീയതികളില്‍ നടത്തുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഫെബ്രുവരി എട്ടിന് പൊന്നാനിയിലും ഒന്‍പതിന് കൊണ്ടോട്ടിയിലും 11 ന് നിലമ്പൂരിലുമാണ് അദാലത്ത്.

പരാതികള്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെ സമര്‍പ്പിക്കാം. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അക്ഷയ സെന്ററുകള്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. ആദിവാസികള്‍ക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കും. പരാതി കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്ററുകള്‍ക്ക് ഓണ്‍ലൈനില്‍ പരിശീലനം നല്‍കും.

അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ച് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയാണ് പരിശോധിക്കുക. ഓണ്‍ലൈനില്‍ അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ, ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായി ഈ സമിതി തരംതിരിക്കും. പരാതിക്കാര്‍ക്ക് അദാലത്തില്‍ നേരിട്ട് മറുപടി ലഭിക്കാവുന്ന നിലയില്‍ പരാതികള്‍ പരിഹരിക്കും.

ഓണ്‍ലൈനില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സാങ്കേതികമായോ നിയമപരമായോ തടസങ്ങളില്ലാത്ത മുഴുവന്‍ പരാതികളും അടിയന്തരമായി പരിഹരിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവ സംസ്ഥാന തലത്തിലുള്ള പരിഹാരത്തിനായി അയക്കും. പരിഹരിക്കാന്‍ കഴിയാത്ത പരാതികളില്‍ എന്തുകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നില്ല എന്നു കൂടി വ്യക്തമാക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി. പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണം.

പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്‌നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകും.
സാന്ത്വന സ്പര്‍ശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണും. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ നിയമഭേദഗതി വഴിയോ ചട്ടത്തില്‍ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
നിലവിലുള്ള നടപടിക്രമങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് അദാലത്ത് സംഘടിപ്പിക്കുക. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ മുന്‍കൂട്ടി അദാലത്തിന്റെ പരിഗണനയ്ക്ക് ലഭ്യമാകുന്നുണ്ടെന്നും അതത് ദിവസങ്ങളില്‍ തന്നെ തീര്‍പ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എ. ഷാജഹാനെ നിയമിച്ചിട്ടുണ്ട്.

ജില്ലയിലെ നോഡല്‍ ഓഫീസറായി എ.ഡി.എം എന്‍.എം മെഹറലിയെ ചുമതലപ്പെടുത്തി.
യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹറലി, സബ് കലക്ടര്‍ കെ.എസ് അഞ്ജു, ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എ രാജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, മന്ത്രിമാരുടെ പ്രതിനിധികളായ സലീം, ഷൈന്‍, നൗഷാദ്, നഗരസഭ സെക്രട്ടറിമാര്‍, ആര്‍.ഡി.ഒ, ബി.ഡി.ഒ മാര്‍, എ.ഡി.സി ജനറല്‍, മിഷന്‍ കോര്‍ഡിനേറ്ററുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.