തൃശ്ശൂർ:  ചരിത്രത്തിന്റെ അറിവ് നൽകുന്ന വസ്തുക്കളും പ്രദേശങ്ങളും സംരക്ഷിക്കപ്പെടണമെന്ന്പുരാവസ്തു, പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തില്‍ നിർമിക്കുന്ന ചാലക്കുടി ട്രാംവെ മ്യൂസിയത്തിന്‍റെ നിർമാണോദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

ചരിത്ര സംഭവങ്ങൾ വരും തലമുറക്ക് വേണ്ടി എഴുതി സൂക്ഷിക്കണം. ചരിത്രത്തിലെ സംസ്കാരിക തിരുശേഷിപ്പുകളും സംരക്ഷിക്കപ്പെടണം. ഇത്തരം ലക്ഷ്യവുമായിട്ടാണ് നമ്മുടെ സർക്കാരും പുരാവസ്തു വകുപ്പും മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ബി ഡി ദേവസ്സി എം എല്‍ എ അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠര്മഠത്തില്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ആര്‍ രഞ്ജിത്ത്, നഗരസഭ കൗണ്‍സിലര്‍ ബിന്ദു ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു. മുൻകാല ട്രാംവേ തൊഴിലാളി കെ കെ രാമകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.

പറമ്പിക്കുളം, ആളിയാര്‍ മേഖലയിലെ വന്‍മരങ്ങളെ ഗുരുത്വാകര്‍ഷണ ഗതികോര്‍ജ്ജം വഴി ചാലക്കുടിയിലേക്കെത്തിക്കാന്‍ 1907 ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് ചാലക്കുടി ട്രാംവെ. ചാലക്കുടിയില്‍ ട്രാംവെയുടെ വര്‍ക്കഷോപ്പ് പ്രവര്‍ത്തിച്ചിരുന്നതും ജലസേചന വകുപ്പിന്‍റെ അധീനതയിലുള്ളതുമായ കെട്ടിടം മ്യൂസിയം സജ്ജീകരിക്കുന്നതിനായി പുരാവസ്വകുപ്പിന് കൈമാറിയ സ്ഥലത്താണ് ട്രാംവെ മൃൂസിയം സജ്ജീകരിക്കുന്നത്.