തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പട്ടികജാതി കുടുംബങ്ങളുടെ വിവരശേഖരണം ആരംഭിച്ചു. ബ്ലോക്കിന് കീഴിലെ മുഴുവൻ പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാണ് വിവര ശേഖരണം നടത്തുന്നത്. പട്ടികജാതി വിഭാഗം കൂടുതലുള്ള മേഖലയാണ് ബ്ലോക്ക് പഞ്ചായത്ത് അതിർത്തി.
പട്ടികജാതി കോളനികളുടെ കലാ കായിക തൊഴിൽ മേഖലയിലെ ഉന്നമനം ഉൾപ്പെടെയുള്ള സമഗ്രവികസനമാണ് പ്രധാന ലക്ഷ്യം. പട്ടിക ജാതിക്കാരുടെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുന്ന സോഷ്യൽ മാപ്പിംഗ് പൂർത്തിയാക്കി വികസനം ഉറപ്പുവരുത്താനാണ് ബ്ലോക്ക് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. വരുമാനം, ജോലി, കലാകായിക രംഗത്തെ മികവ് എന്നിങ്ങനെ എല്ലാ മേഖലയിലെയും വിവരങ്ങൾ ഉൾപ്പെടുത്തിയാണ് മാപ്പിങ് പൂർത്തിയാക്കുക.
ക്യാമ്പയിൻ്റെ ഉദ്ഘാടനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ നിർവ്വഹിച്ചു. വരവൂർ പഞ്ചായത്തിൽ വടക്കേ പെരുംകുന്ന് കോളനിയിൽ നടന്ന ചടങ്ങിൽ വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാൽ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ കുമാർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സരിത, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.