പത്തനംതിട്ട: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലാവ്യവസായ കേന്ദ്രം പത്തനംതിട്ട ജില്ലയ്ക്ക് നല്‍കിയതു വികസനങ്ങളുടെ പുത്തന്‍ ഉണര്‍വ്. 298 കോടി നിക്ഷേപ മൂലധനത്തില്‍ 2974 സംരംഭക സ്ഥാപനങ്ങളാണു ജില്ലയില്‍ പുതുതായി തുടങ്ങിയത്. അവയിലൂടെ 11069 പേര്‍ക്കാണു തൊഴില്‍ ലഭിച്ചത്. സംരംഭകത്വ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 248 യൂണിറ്റുകള്‍ക്ക് 1137.91 ലക്ഷം രൂപ ധന സഹായം നല്‍കുവാനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാനും കഴിഞ്ഞു. ഏകജാലകം വഴി 31 യൂണിറ്റുകള്‍ക്ക് മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുളള ലൈസന്‍സും മറ്റു സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിനും സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും സാധിച്ചു.

സംരംഭകത്വ വികസനത്തിനു മുന്‍തൂക്കം നല്‍കി ജില്ലയില്‍ 10 ദിവസത്തില്‍ അധികം നീണ്ടു നില്‍ക്കുന്ന 12 പരിശീലന പരിപാടികള്‍ നടത്തി.

സംരംഭകത്വകര്‍ക്ക് ഒരു സംരംഭം തുടങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി 70 പ്രോഗ്രാമുകള്‍ നടത്തി. സംരംഭകരുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനും ലക്ഷ്യമാക്കി ജില്ലയില്‍ നാലു പ്രദര്‍ശനമേളകള്‍ നടത്തുകയും അവയിലൂടെ 63.5 ലക്ഷം രൂപ വിറ്റുവരവ് ലഭിക്കുകയും ചെയ്തു.
കരകൗശല മേഖലയുടെ ഉന്നമനത്തിനായി 5.26 ലക്ഷം രൂപ 14 യൂണിറ്റുകള്‍ക്ക് ഗ്രാന്റായി നല്‍കി. കെ-സ്വിഫ്റ്റ് പ്രകാരം ലഭിച്ച 184 അപേക്ഷയില്‍ 64 സ്ഥാപനങ്ങള്‍ തുടങ്ങി. കുന്നന്താനം വ്യവസായ വികസന പ്ലോട്ടിന്റെ വികസനത്തിനായി 44.32 ലക്ഷം രൂപയ്ക്ക് റോഡും 21.25 ലക്ഷം രൂപയ്ക്ക് ഓഫീസ് കെട്ടിടവും 67,469 രൂപയ്ക്കു സ്ഥല സര്‍വേയും നടത്തി. വ്യവസായ അദാലത്തിലൂടെ 42 പരാതികളില്‍ 41 എണ്ണവും പരിഹരിച്ചു.
പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കുന്ന പദ്ധതി പ്രകാരം 257 സംരംഭങ്ങള്‍ക്ക് 351.41 ലക്ഷം രൂപ സബ്സിഡി നല്‍കി.ജില്ലയില്‍ 16 സ്‌കില്‍ഡ് ഡവലപ്മെന്റ് സൊസൈറ്റികള്‍ തുടങ്ങി. ജില്ലയില്‍ കൈത്തറി മേഖലയ്ക്ക് ഊന്നല്‍ നല്‍കി ഒരു വീട്ടില്‍ ഒരു തറി എന്ന പദ്ധതി പ്രകാരം 17.6 ലക്ഷം രൂപ 44 യൂണിറ്റ് തുടങ്ങുന്നതിനു നല്‍കി. പ്രളയം ബാധിച്ച സംരംഭങ്ങളുടെ പുനരുദ്ധാരണത്തിനായി 32.79 ലക്ഷം രൂപയും ജില്ലാ വ്യവസായ കേന്ദ്രം നല്‍കിയിട്ടുണ്ട്.