തവനൂര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി കോണ്‍ക്ലേവ് മന്ത്രി ഉദ്ഘാടനം ചെയ്തു

മലപ്പുറം: മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് അര്‍ഹത മാത്രമായിരിക്കണം മാനദണ്ഡമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. തിരൂര്‍ നൂര്‍ലേക്കില്‍ നടന്ന തവനൂര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി കോണ്‍ക്ലേവ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തവനൂര്‍ നിയോജക മണ്ഡലത്തിലെ പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട്, കാലടി, വട്ടംകുളം പഞ്ചായത്തുകളിലെയും പൊന്നാനി, തിരൂര്‍ ബ്ലോക്കിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങള്‍ക്കായാണ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ്. അത് അര്‍ഹരായവരിലേക്ക് എത്തിക്കേണ്ടത് ജനപ്രതിനിധികളായ നിങ്ങളിലൂടെയാണ്. അധികാരമെന്നത് പോലെ ജനങ്ങളോട് ഉത്തരവാദിത്തവും ഏറെയുള്ളയാളായിരിക്കണം ഒരു ജനപ്രതിനിധിയെന്നും സ്വകാര്യ നഷ്ടങ്ങളെ ഈ സേവന മേഖലയോട് കൂട്ടിച്ചേര്‍ക്കുന്നത് യുക്തിയാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശത്തെ പ്രതിനിധിയാണ് താനെന്ന ബോധം നമുക്ക് ഓരോരുത്തര്‍ക്കും വേണം. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ അറിയാത്ത സ്ഥിതി ഉണ്ടാകരുത്. ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളിലായി ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതുജനപരാതി പരിഹാര അദാലത്ത് സംബന്ധിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധമുണ്ടാക്കണമെന്നും അര്‍ഹരായവരെ അദാലത്തില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കണമെന്നും മന്ത്രി തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ ഓര്‍മപ്പെടുത്തി.

ഓരോ പ്രദേശത്തും ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, എം.എല്‍.എ ഫണ്ടുകള്‍, എം.പി ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച് ചെയ്യാവുന്ന പദ്ധതികള്‍ വേര്‍തിരിച്ച് പട്ടിക തയ്യാറാക്കണം. ഇതിലൂടെ ഒരേ പദ്ധതികള്‍ക്ക് തന്നെ വീണ്ടും പണം അനുവദിക്കുന്നത് ഒഴിവാക്കാനും പദ്ധതികള്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ അധ്യക്ഷനായി. സൈക്കോളജിസ്റ്റ് ഡോ. സലീന ബാപ്പുട്ടി പ്രോഗ്രാം സംബന്ധിച്ച് വിശദീകരണം നടത്തി. വികേന്ദ്രീകരണം – സാധ്യതകളും ചുമതലകളും വിഷയത്തില്‍ കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ ക്ലാസെടുത്തു. ജനപ്രതിനിധികളും പഞ്ചായത്ത് ഭരണവും വിഷയത്തില്‍ ജില്ലാ ഡി.ഡി.പി ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ. സദാനന്ദന്‍, തദ്ദേശ ഭരണത്തിലെ വിവരസാങ്കേതിക വിദ്യാ സാധ്യതകള്‍ വിഷയത്തില്‍ ഐ.കെ.എം മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ രാജന്‍ എന്നിവരും ക്ലാസുകളെടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ചടങ്ങില്‍ നന്ദി പറഞ്ഞു.