ജില്ലയിലെ ഗാര്‍ഹിക കെട്ടിട നിര്‍മാണ മേഖലയിലെ ഏകീകൃത കയറ്റിറക്ക് കൂലി പ്രസിദ്ധീകരിച്ചു. 1978 ലെ ചുമട്ടു തൊഴിലാളി നിയമത്തിലെ ചട്ടം 26(എ) പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡുള്ള തൊഴിലാളികളുടെ സേവനം ഉപയോഗിച്ചുള്ള കയറ്റിറക്കിനുള്ള കൂലിനിരക്കുകളാണ് ജില്ലാ ലേബര്‍ ഓഫീസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഗാര്‍ഹിക മേഖലയില്‍ സ്വന്തമായി തൊഴിലാളികളെ നിയമിച്ച് കയറ്റിറക്ക് ചെയ്യുന്നതിന് ഉടമയ്ക്ക് നിയമപരമായിട്ടുള്ള അവകാശം ഉണ്ടായിരിക്കും. വാഹനത്തിലെ അടുക്ക്, ഇറക്ക് എന്നിവ ഉള്‍പ്പടെയാണ് കൂലി നിരക്ക്. അടുക്ക്, ഇറക്ക്  പ്രതേ്യക വിഭാഗമായി ഉള്ള സ്ഥലങ്ങളില്‍ കൂലി നിലവിലുള്ള കീഴ്‌വഴക്കമനുസരിച്ച് വിഭജിക്കണം. നിരക്കുകള്‍ 27 ശതമാനം ലെവി അടക്കമുള്ളതാണ്.
25 മീറ്ററിന് മേല്‍ ചുമക്കേണ്ടതിന് ഓരോ 25 മീറ്ററിനും 20 ശതമാനം നിരക്കില്‍ അധിക കൂലി നല്‍കണം. മുകള്‍ നിലകളില്‍ എത്തിക്കുന്നതിന് നില ഒന്നിന് 20 ശതമാനം എന്ന കണക്കില്‍ അധിക കൂലി ഈടാക്കാം.  നിരക്കുകള്‍ പ്രകാരം ജോലി ചെയ്യുന്നതിന് തൊഴിലാളികള്‍ ബാധ്യസ്ഥരാണ്.  കൂലി സംബന്ധിച്ച തര്‍ക്കം കയറ്റിറക്കിന് തടസമാകാന്‍ പാടില്ല. തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിന് ക്ഷേമ പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളില്‍ അതത് ജില്ലാ കമ്മിറ്റി ചെയര്‍മാനും അല്ലാത്ത പ്രദേശങ്ങളില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്കോ ജില്ലാ ലേബര്‍ ഓഫീസര്‍ക്കോ പരാതി നല്‍കാം.
അംഗീകൃത നിരക്കില്‍ കൂടുതല്‍ വാങ്ങുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താല്‍ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. കൂലിയിനത്തില്‍ തുക കൈപ്പറ്റുമ്പോള്‍ തൊഴിലാളികള്‍ നിര്‍ബന്ധമായും രസീത് നല്‍കണം. പദ്ധതി പ്രദേശത്തിന്റെ അംഗീകൃത വര്‍ക്ക് ഓര്‍ഡര്‍ ഫോറമാണ് രസീതായി നല്‍കേണ്ടത്. ഫോറത്തില്‍ പൂള്‍ ലീഡറും ജോലി ചെയ്യിപ്പിച്ച ആളും ഒപ്പിടണം.