പാലക്കാട്:   സംസ്ഥാന സര്ക്കാര് കൃഷി വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന വൈഗ അഗ്രി-ഹാക്കിനുള്ള രജിസ്ട്രേഷന് തുടങ്ങി. വിദ്യാര്ത്ഥികള്, സ്റ്റാര്ട്ടപ്പുകള്, പ്രൊഫഷണലുകള്, കര്ഷകരെ പങ്കെടുപ്പിച്ച് നടത്തുന്ന കാര്ഷിക രംഗത്തെ ഹാക്കത്തോണ് മത്സരമാണ് വൈഗ – അഗ്രിഹാക്ക്. ബഡ്സ് സ്‌കൂള് വിദ്യാര്ഥികള്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്ത്ഥികള്, കര്ഷകര്, സ്റ്റാര്ട്ട് അപ്പുകള് തുടങ്ങിയവര്ക്ക് പ്രോബ്ലം സ്റ്റേറ്റ്മെന്റുകള് തിരഞ്ഞെടുത്തു പ്രശ്ന പരിഹാര മത്സരത്തില് പങ്കാളികളാകാം.
കൃഷിയുമായി ബന്ധപ്പെട്ട ഭരണ നിര്വ്വഹണ രംഗം, കാര്ഷിക മേഖലയിലേക്ക് കൂടുതല് യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളില് സാങ്കേതികവും അല്ലാതെയുമുള്ള പരിഹാര മാര്ഗ്ഗങ്ങള് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന കൃഷി വകുപ്പ് വൈഗ -അഗ്രിഹാക്ക് 2021 അവതരിപ്പിക്കുന്നത്. www.vaigaagrihack.in മുഖേന ടീമുകള്ക്ക് രജിസ്റ്റര് ചെയ്യാം. ജനുവരി 31 വരെ പ്രോബ്ലം സ്റ്റേറ്റ്മെന്റുകള് തിരഞ്ഞെടുത്ത് പരിഹാരം നിര്ദ്ദേശിക്കാം. രണ്ടു മുതല് അഞ്ചു പേര് വരെ അടങ്ങുന്നതായിരിക്കും ഒരു ടീം.
വിദഗ്ധരടങ്ങുന്ന ജൂറി പാനല് ഏറ്റവും മികച്ച 20 ടീമുകളെ വീതം ഓരോ വിഭാഗത്തില് നിന്നും തെരഞ്ഞെടുക്കും. ഇത്തരത്തില് തെരെഞ്ഞെടുക്കപ്പെടുന്ന ടീമുകള്ക്ക് ഫെബ്രുവരി 11 മുതല് 13 വരെ തൃശ്ശൂര് സെന്റ് തോമസ് കോളേജില് നടക്കുന്ന ഗ്രാന്ഡ് ഫിനാലെയില് മാറ്റുരക്കാം. മത്സരാര്ത്ഥികള് അവര് നിര്ദ്ദേശിച്ച പ്രശ്ന പരിഹാരം (സൊല്യൂഷന്) പ്രായോഗിക തലത്തിലേക്ക് എത്തിക്കാവുന്ന വിധം വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യണം. വ്യത്യസ്ത ഘട്ടങ്ങളായി നടക്കുന്ന വിലയിരുത്തലില് മികച്ച 10 ടീമുകളെ വീതം പവര് ജഡ്ജ്മെന്റ് എന്ന അവസാന റൗണ്ടിലേക്ക് കണ്ടെത്തും.
ഈ റൗണ്ടിലെ വിജയികളാകും ഹാക്കത്തോണ് വിജയികള്. പ്രായോഗികത, സാമൂഹിക പ്രസക്തി, സുതാര്യത, സാങ്കേതിക മികവ്, ചെലവ് തുടങ്ങിയവ കണക്കിലെടുത്തായിരിക്കും വിദഗ്ധരടങ്ങുന്ന ജൂറി വിജയികളെ തെരെഞ്ഞെടുക്കുന്നത്. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാര്ക്ക് ക്യാഷ് പ്രൈസ്, സര്ട്ടിഫിക്കറ്റുകള് എന്നിവ നല്കും. ഫെബ്രുവരി 14 നു സമ്മാനദാനം നിര്വ്വഹിക്കും. തെരഞ്ഞെടുക്കുന്ന നൂതനമായ ആശയങ്ങളടങ്ങിയ പരിഹാര മാര്ഗ്ഗങ്ങള് കൃഷി വകുപ്പിന്റെ നേതൃത്വത്തില് നടപ്പില് വരുത്താന് ശ്രമിക്കുന്നതാണ്.