ക്ഷീരവികസന വകുപ്പ് മുഖേന വിവിധ സഹായങ്ങളാണ് സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പശുവളര്‍ത്തല്‍ എങ്ങനെ ആദായകരമാക്കാം എന്നും തല്‍ഫലമായി ക്ഷീര കര്‍ഷകര്‍ക്ക് സാമൂഹിക സാമ്പത്തിക സുസ്ഥിരത എങ്ങനെ കൈവരിക്കാം എന്നതുമാണ് ക്ഷീര വകുപ്പിന്റെ പ്രധാന ലക്ഷ്യം..

മില്‍ക്ക് ഷെഡ് വികസന പദ്ധതി

ക്ഷീരകര്‍ഷകര്‍ക്കുള്ള പ്രധാന ധനസഹായ പദ്ധതിയാണ് മില്‍ക്ക് ഷെഡ് വികസന പദ്ധതി. ഗോധനം, കിടാരി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്കുള്ള ധനസഹായം, കാലിത്തൊഴുത്ത് നിര്‍മിക്കുന്നതിനായുള്ള ധനസഹായം, കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, ആവശ്യാധിഷ്ഠിത ധനസഹായങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങളാണ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുക.

ഗോധനത്തിലൂടെ കറവപ്പശുവിനെ വാങ്ങാനുള്ള ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. ഒന്ന്, രണ്ട്, അഞ്ച്, പത്ത് പശുവീതമുള്ള ഡെയറി ഫാമുകള്‍ ആരംഭിക്കാന്‍ യഥാക്രമം 35,000, 69,000, 1,84000, 3,83000 രൂപ നിരക്കിലാണ് ധനസഹായം ലഭിക്കുക. കിടാരി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്കുള്ള ധനസഹായത്തിലൂടെ 5, 10 വീതമുള്ള കിടാരികളുടെ യൂണിറ്റുകള്‍ ആരംഭിക്കാന്‍ യഥാക്രമം 90,500, 1,81,200 രൂപ എന്നീ നിരക്കിലാണ് ധനസഹായം നല്‍കുന്നത്. പുതുതായി ഫാം തുടങ്ങുന്ന കര്‍ഷകര്‍, സംരംഭകര്‍, വനിതകള്‍, പിന്നാക്ക വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന.
കാലിത്തൊഴുത്ത് നിര്‍മിക്കുന്നതിനായി 50,000 രൂപ വരെ ധനസഹായം ലഭിക്കും. പദ്ധതിയിലൂടെ വനിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും തൊഴുത്തു പൂര്‍ണമായും നശിച്ചുപോയവര്‍ക്കും പുതിയ തൊഴുത്തു പണിയുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. കറവയന്ത്രം വാങ്ങുന്നതിനായി കറവ യന്ത്രത്തിന്റെ വിലയുടെ 50 ശതമാനം അഥവാ പരമാവധി 25,000 രൂപയാണ് ധനസഹായം ലഭിക്കുക.

ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി പ്രകാരം ഡെയറി ഫാം ആധുനീകരിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്ക് ആവശ്യാധിഷ്ഠിത ധനസഹായം നല്‍കുന്നു. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഒന്നോ അതിലധികമോ ഇനങ്ങള്‍ക്ക് അപേക്ഷിക്കാം. ആകെ ചെലവഴിക്കുന്ന തുകയുടെ 50ശതമാനം സബ്‌സിഡി പരമാവധി 50,000 രൂപയാണ് ധനസഹായം ലഭിക്കുക. ക്ഷീര വകുപ്പ് നല്‍കുന്ന ധനസഹായങ്ങള്‍ക്കായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകള്‍ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ നേരിട്ടു നല്‍കണം.