വയനാട്:  ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും ജനാധിപത്യ മതേതരമൂല്യങ്ങളും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൈ്വര്യമായി ജീവിക്കാന്‍ കഴിയുന്ന സാമൂഹ്യ അവസ്ഥയാണ് വേണ്ടത്.

ഇതിനെതിരെയുളള ഏതൊരു ഭീഷണികളും വെല്ലുവിളികളും അതിജീവിച്ചു മുന്നോട്ട് പോകാന്‍ സാധിക്കണം. ഭരണഘടന ഉറപ്പാക്കുന്ന അധികാര അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കരുത്. രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യ മതേതരമൂല്യങ്ങളും കാഴ്ച്ചപാടുകളും കാത്തുസൂക്ഷിക്കുന്ന കാവല്‍ ഭടന്‍മാരായി പ്രവര്‍ത്തിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യനും വേണ്ടി ജീവാര്‍പ്പണം നടത്തിയ ധീരദേശാഭിമാനികളെയും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മന്ത്രി അനുസ്മരിച്ചു.

ചടങ്ങില്‍ മുഖ്യമന്ത്രിയുടെ 2020 വര്‍ഷത്തെ സുത്യര്‍ഹ സേവനത്തിനുളള പോലീസ് മെഡല്‍ ലഭിച്ച ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രകാശന്‍ പി പടന്നയില്‍, വയനാട് ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ മധുസൂദനന്‍ എന്നിവരെ മന്ത്രി ആദരിച്ചു. തുടര്‍ന്ന് പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസിലെ സംഗീതാധ്യാപകനായ കെ. മോഹനന്റെ നേതൃത്വത്തിലുളള അധ്യാപക സംഘത്തിന്റെ ദേശഭക്തി ഗാനവും അരങ്ങേറി.