എറണാകുളം : കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിക്കുന്ന കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി നിയോഗിച്ച സെക്ടറൽ മജിസ്ട്രേറ്റുമാരിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു ശേഷം ജില്ലാ കളക്ടറുടെ ചേംബറിലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരെ ആദരിച്ചത്. മികച്ച പ്രവർത്തനം കാഴ്ച വെച്ച സെക്ടറൽ മജിസ്ട്രേറ്റുമാരെ ജില്ലാ കളക്ടർ എസ്. സുഹാസ് അഭിനന്ദിച്ചു. കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ടു പോകാനും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിലെ മൂന്ന് പേർക്കും രണ്ടാം ഘട്ടത്തിലെ മൂന്ന് പേർക്കും അടക്കം ആറു പേർക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. അധ്യാപകരായ ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ടി.എ. ജേക്കബ് ബിജു, ഇടുക്കി പീരുമേട് സി.പി.എം ജി എച്ച് എസ് എസിലെ വി.എം. ജയപ്രദീപ്, പനമ്പിള്ളി നഗർ ഗവ.എച്ച്.എസ്.എസിലെ ഡോ. ഇ.കെ. ലാൽ, ചേന്ദമംഗലം പാലിയം ജി.എച്ച്. എസ്. എസിലെ എം.എ. ശ്രീകുമാർ , പെരുമ്പാവൂർ ബോയ്സ് എച്ച്. എസ്. എസിലെ സി.എ. നവാസ്, പള്ളുരുത്തി എസ്.ഡി.പി.വൈ വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ബിജു ഈപ്പൻ എന്നിവരാണ് മികച്ച പ്രവർത്തനത്തിലൂടെ പുരസ്കാരത്തിനർഹരായത്.
ആദ്യഘട്ടത്തിൽ 125 പേരേയും രണ്ടാം ഘട്ടത്തിൽ 15 പേരേയുമാണ് ജില്ലയിൽ സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമിച്ചത്. ഇവർക്ക് പ്രത്യേക മജിസ്റ്റീരിയൽ അധികാരം നൽകിയായിരുന്നു നിയമനം.
കോളേജ്, ഹൈസ്കൂൾ അധ്യാപകർ, ജലസേചനം, ആദായ നികുതി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരെയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമിക്കുന്നത്. പോലീസിൻ്റെ സഹകരണത്തോടെയാണ് മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം. രണ്ടാം ഘട്ടത്തിൽ 2021 ജനുവരി 18 വരെയുള്ള കണക്ക് പ്രകാരം ഏറ്റവുമധികം കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതും പിഴയീടാക്കിയതും എറണാകുളം ജില്ലയിലാണ്.
2021 ജനുവരി ഒന്നിനാണ് രണ്ടാം ഘട്ട സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചത്. കോ വിഡ് വ്യാപന നിരക്ക് ഉയർന്നതിനാലും നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനാലുമാണ് രണ്ടാം ഘട്ട നിയമനം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ വന്നതിനാൽ ആളുകൾ കൂടുതലെത്തുന്ന പരിപാടികളിലാണ് നിരീക്ഷണം ശക്തമാക്കുന്നത്. ഇത്തരത്തിലുള്ള പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ പോലീസ് മജിസ്ട്രേറ്റിന് കൈമാറണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴയീടാക്കും. ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറാണ് നിയമനടപടി സ്വീകരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ തന്നെയാണ് രണ്ടാം ഘട്ടത്തിലും നിയമിച്ചിരിക്കുന്നത്. ഇവർക്കായി നാഷണൽ ഇൻഫർമാറ്റിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനവും നൽകിയിരുന്നു.
ജില്ലയിലെ 60 പോലീസ് സ്റ്റേഷൻ പരിധിയിലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം. ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ എസ്.ഷാജഹാനാണ് നോഡൽ ഓഫീസർ.
കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ എ.ഡി.എം. സാബു കെ. ഐസക്, സബ് കളക്ടർ ഹാരിസ് റഷീദ്, അസിസ്റ്റൻറ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ തുടങ്ങിയവർ പങ്കെടുത്തു.