എറണാകുളം: മികച്ച രീതിയിൽ ഹരിത ചട്ട പാലനം നടപ്പിലാക്കിയ ജില്ലയിലെ സർക്കാർ ഓഫീസുകൾക്ക് തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു . 10000 സർക്കാർ ഓഫീസുകളുടെ ഹരിത പ്രഖ്യാപനം സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ച പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ 1090 സർക്കാർ ഓഫീസുകളുടെ ഹരിത പ്രഖ്യാപനവും മന്ത്രി എ സി മൊയ്തീൻ കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു .

“ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിലൂടെ വ്യക്തിജീവിതത്തിലും ഈ സ്വഭാവമാറ്റം പ്രാവർത്തികമാക്കാൻ കഴിയും. ഇതിലൂടെ ഗ്രീൻ പ്രോട്ടോകോൾ എന്ന ആശയം സമൂഹത്തിൽ തന്നെ പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയമാണ് . ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന പ്രവർത്തനങ്ങളെല്ലാം ഈ നയത്തിന്റെ ഭാഗമായുള്ളവയാണ് . ഓഫീസുകളിൽ ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് തയ്യാറാക്കുന്ന ജൈവ വളം പച്ചക്കറി കൃഷിക്കും പൂന്തോട്ടത്തിലും ഉപയോഗിക്കാൻ കഴിയും ഹരിത ഓഫീസിലെ വിനിയോഗവും ശാസ്ത്രീയമായി പരിമിതപ്പെടുത്തണം . ഊർജ്ജ വിനിയോഗത്തിൽ എല്ലാ ലൈറ്റുകളും എൽ.ഇ.ഡി ബൾബുകളിലേക്ക് മാറ്റണം . ഇതിനെ ഫിലമെന്റ് രഹിത കേരളം പരിപാടിയുമായി ബന്ധിപ്പിക്കാനും നമുക്ക് കഴിയണം .തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ജല ഉപകരണങ്ങളുടെയും വൈദ്യുതക്ഷമത ഉറപ്പ് വരുത്താൻ കഴിയണം . ഇതുകൂടി ഹരിത ഓഫീസിന് അനിവാര്യമാണ്. ” അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം ജില്ലയിൽ ശുചിത്വ പദവി കൈവരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേന ശേഖരിച്ച് തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയ അജൈവ പാഴ് വസ്തുക്കളുടെ വിലയായി ചെക്കുകൾ കൈമാറുന്നതിന്റെ ഉത്ഘാടനവും തൃക്കാക്കര നഗരസഭാ ഹരിത കർമ്മ സേനക്ക് നൽകിക്കൊണ്ട് മന്ത്രി നിർവഹിച്ചു . എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസിനു വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും , കളക്റ്റിലെ മികച്ച ഹരിത ഓഫീസുകളായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു വേണ്ടി ഡിഡിപി കെ.വി മാലതിയും വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു വേണ്ടി അഡ്മിനിസ്ട്രേറ്റിവ് അസ്സിസ്റ്റന്റ് ടോണി ജോൺസനും മന്ത്രിയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങി .

ത്രിതല പഞ്ചായത്ത് തലത്തിൽ വിവിധ സമിതികൾ രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളിലും ഘടക സ്ഥാപനങ്ങളിലും പരിശോധന നടത്തി ലഭിച്ച സ്കോറുകൾ എ , ബി , സി എന്നിങ്ങനെ ഗ്രേഡുകൾ തിരിച്ചാണ് ഹരിത ഓഫീസുകളെ കണ്ടത്തുന്നത്. നോഡൽ ഓഫീസറുടെ നിയമനം , നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം , പുനരുപയോഗിക്കാൻ കഴിയുന്ന സാധനങ്ങളുടെ ഉപയോഗം , ജൈവ അജൈവ മാലിന്യ സംസ്കരണം , ജൈവമാലിന്യ സംസ്കരണം , ശുചിമുറി സംവിധാനങ്ങൾ , ഹരിത ഓഫീസ് നിർദ്ദേശക ബോർഡ് , ജൈവ പ ച്ചക്കറിത്തോട്ടം , പുന്തോട്ടം , പൊതു ശുചിത്വം തുടങ്ങി 12 മാനദണ്ഡങ്ങളാണ് ഹരിത ഓഡിറ്റിൽ ഉണ്ടായിരുന്നത് .

40 തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് 28 ടൺ തരംതിരിച്ച് അജൈവ പാഴ് വസ്തുക്കളാണ് ക്യാമ്പയിന്റെ ഭാഗമായി ക്ലീൻ കേരളാ കമ്പനിയ്ക്കും സ്വകാര്യ കമ്പനികൾക്കുമായി കൈമാറിയത് . പാഴ് വസ്തുക്കളുടെ വിലയായി 164037 രൂപയുടെ ചെക്ക് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമ്മാസനയ്ക്ക് ലഭിച്ചു . ഒക്ടോബറിൽ ശുചിത്വ പദവി നേടിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ശുചിത്വ മാലിന്യ പരിപാലനത്തിന് രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗ മായാണ് മൂല്യവർദ്ധനവിനുതകുന്ന വിധത്തിൽ തരംതിരിവും കൈമാറ്റവും നടന്നത് .

കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ് ‘ സുഹാസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , ഹരിത കേരളം മിഷൻ കോർഡിനേറ്റർ സുജിത് കരുൺ ,ശുചിത്വ മിഷൻ കോർഡിനേറ്റർ പി എച്ച് ഷൈൻ , ത്യക്കാ ക്കര നഗരസഭാ വൈസ് ചെയർപേഴ്സൺ എ എ ഇബ്രാഹിം കുട്ടി എന്നിവർ പങ്കെടുത്തു.