ലൈഫി’ലൂടെ യാഥാര്‍ഥ്യമായ സ്വപ്നവീടിലേക്ക് വാഴോട്ടുകോണം പാപ്പാട് വള്ളുക്കോണത്ത് വീട്ടില്‍ ശശിധരന്‍-പ്രഭ ദമ്പതികള്‍ ചുവടുവെക്കുമ്പോള്‍ സാക്ഷിയായി എത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍.ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ യാഥാര്‍ഥ്യമായ പ്രഖ്യാപനദിവസമാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പാപ്പാട്ടെ ശശിധരന്റെയും പ്രഭയുടെയും പുതിയ വീട്ടില്‍ ആശംസകളുമായി മുഖ്യമന്ത്രി അതിഥിയായത്.

 

പഴകിത്തകര്‍ന്ന വീടില്‍ നിന്ന് സുരക്ഷിതമായ സ്വപ്നവീട്ടിലേക്ക് കാലുവെക്കുമ്പോള്‍ സന്തോഷം പങ്കിടാന്‍ മുഖ്യമന്ത്രിയും നാടും കൂടെയെത്തിയതിന്റെ ആഹ്ളാദത്തിലാണ് ഈ കുടുംബം. ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കി ലഭിച്ച നാലുലക്ഷം രൂപയാണ് പുതുവീട് പടുത്തുയര്‍ത്താന്‍ കൂലിപ്പണിക്കാരായ ഇവര്‍ക്ക് കൈത്താങ്ങായത്. ശ്രീഗണേശമെന്ന് പേരിട്ടിരിക്കുന്ന പുതിയ വീട്ടില്‍ ഈ ദമ്പതികള്‍ക്കൊപ്പം മക്കളായ മണികണ്ഠന്‍, സിമി എന്നിവരും അനന്തരവരായ അഭിരാജും അഭിഷേകുമുണ്ട്.

ഗൃഹപ്രവേശത്തിന്റെ സന്തോഷത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വീട്ടിലെത്തി ആദ്യം അടുക്കളയിലെത്തിയ പാലുകാച്ചലിന് സാക്ഷിയായി. തുടര്‍ന്ന് സമ്മാനം കൈമാറിയശേഷം അല്‍പനേരം മുറിയിലിരുന്ന് വീട്ടുകാരോടും ജനപ്രതിനിധികളോടും സംസാരിച്ചശേഷം ആശംസകള്‍ അറിയിച്ചശേഷമാണ് മടങ്ങിയത്.
തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീന്‍, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസ്, വാര്‍ഡ് കൗണ്‍സിലര്‍ റാണി വിക്രമന്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, രാഷ്ട്രീയ, സാമൂഹ്യ നേതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.