മലപ്പുറം: പുറത്തൂര്‍-മംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നായര്‍തോട് പാലം യാഥാര്‍ത്ഥ്യത്തിലേക്ക്. തീരദേശ മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്ന നായര്‍ തോട് പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുള്ള ഇന്‍ലാന്റ് നാവിഗേഷന്റെ ആസ്ഥാനത്തു നിന്നുള്ള അനുമതി ലഭ്യമായതോടെ പാലം നിര്‍മാണത്തിനുണ്ടായിരുന്ന അവസാന തടസവും നീങ്ങിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അറിയിച്ചു. ഇന്‍ലാന്റ് നാവിഗേഷന്‍ അനുമതി ലഭിച്ചതിന് പിന്നാലെ പി.ഡബ്ലു.ഡി പാലത്തിന്റെ ടെന്‍ഡര്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
പുറത്തുര്‍ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറക്കരയെയും ബന്ധിപ്പിച്ച് തിരൂര്‍ – പൊന്നാനി പുഴക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന് 41 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും അനുവദിച്ചിരുന്നത്. അഴിമുഖത്തിന് സമീപമായതിനാല്‍ പാലം നിര്‍മിക്കുന്നതിന് സാങ്കേതിക പ്രതിബന്ധങ്ങള്‍ നേരിട്ടിരുന്നു. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ഡോ. കെ.ടി ജലീലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഇപ്പോള്‍ അനുമതിയായത്. നായര്‍തോട് പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ പടിഞ്ഞാറെക്കര നിവാസികള്‍ക്ക് പുറത്തൂര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സാമൂഹികാരോഗ്യകേന്ദ്രം, കൃഷി ഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയും. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനാണ് ഇതോടെ അറുതിയാകുന്നത്.