സാഹസിക മാസം പരിപാടിയുടെ ഭാഗമായുള്ള ഗിഫ്റ്റ് എ സൈക്കിള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് ഡിവിഷനിലെ വിദ്യാര്‍ത്ഥി അഞ്ജിമക്ക് സൈക്കിള്‍ കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷാണ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ കലക്ടര്‍ മീര്‍ മുഹ്മദലി മുഖ്യാതിഥിയായി സംബന്ധിച്ചു. കണ്ണൂര്‍ സ്‌പോര്‍ട്ട്‌ടൈം ക്ലബ്ബ് ആണ് സൈക്കിള്‍ സ്‌പോണ്‍സര്‍ ചെയ്തത്.
ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവയെ പ്രതിരോധിക്കാന്‍ ജനങ്ങളില്‍ കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന സാഹസികമാസം പരിപാടിയുടെ ഭാഗമായാണ് ഗിഫ്റ്റ് എ സൈക്കിള്‍ പദ്ധതി നടപ്പാക്കുന്നത്. പ്രിയപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും സൈക്കിള്‍ ദാനം ചെയ്യാന്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവസരമൊരുക്കുന്നതാണ് ഈ പദ്ധതി. സാഹസിക മാസം പദ്ധതിയുടെ ഭാഗമായി മെയ് 6 ന് കണ്ണൂര്‍ മുതല്‍ മുഴപ്പിലങ്ങാട് വരെ സൈക്കിള്‍ റാലി, മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്നു കിലോമീറ്റര്‍ സൈക്കിളോട്ട മത്സരം, 13ന് തലശ്ശേരിയില്‍ ഹെറിറ്റേജ് മാരത്തോണ്‍, 20ന് വളപട്ടണം പുഴയില്‍ പറശ്ശിനി ക്രോസ് എന്ന പേരില്‍ നീന്തല്‍ മല്‍സരം, 27 ന് കവ്വായി പുഴയില്‍ കയാക്കിംഗ് എന്നീ പരിപാടികളാണ് വിവിധ സംഘടനകളുമായി ചേര്‍ന്ന് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ളത്.
