ഒന്നാം ഘട്ടത്തിൽ 97 ശതമാനം വീടുകളുടെ പൂർത്തീകരണം

തൃശ്ശൂർ: ജില്ലയിലെ പത്തൊമ്പത് ഗ്രാമപഞ്ചായത്തുകൾ ലൈഫ്മിഷൻ രണ്ടാം ഘട്ടത്തിൽ 100 ശതമാനം വീടുകളുടെ നിർമാണം പൂർത്തിയാക്കി. കോലഴി, അവണൂർ, മുളങ്കുന്നത്തുകാവ്, വെങ്കിടങ്ങ്, മണലൂർ, അവിണിശ്ശേരി, പാറളം, പറപ്പൂക്കര, പെരിഞ്ഞനം, കയ്പമംഗലം, അന്നമനട, കുഴൂർ, കാടുകുറ്റി, കൊരട്ടി, മുല്ലശ്ശേരി, നെന്മണിക്കര, പൊയ്യ, തോളൂർ, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തുകളാണ് 100 ശതമാനത്തിൽ എത്തിയത്.

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒന്നാം ഘട്ടത്തിൽ 97 ശതമാനം വീടുകളുടെ നിർമാണം പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ 2016- 17 ന് മുൻപ് വിവിധ സർക്കാർ വകുപ്പുകൾ വഴിയോ തദ്ദേ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയോ ധനസഹായം ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന പാർപ്പിടങ്ങൾ കണ്ടെത്തി ലൈഫ് മിഷൻ ഭവന പദ്ധതിയിലേക്ക് മാറ്റി വീടുകളുടെ നിർമാണം പൂർത്തിയാക്കി.

ലൈഫ്മിഷന്‍ നിലവില്‍ വന്നതിനു ശേഷം മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ 17983 വീടുകളാണ് പൂര്‍ത്തിയായത്. ഫെബ്രുവരിയിൽ 520 കുടുംബങ്ങളെ കൂടി ഗൃഹപ്രവേശം നടത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ലൈഫ് മിഷനും.

ഭവനരഹിതര്‍ക്ക് സ്വന്തമായി വീടൊരുക്കുന്ന ലൈഫ് മിഷൻ 82.6 ശതമാനം ലക്ഷ്യവും ജില്ലയിൽ കൈവരിച്ചു. ജില്ലയിൽ രണ്ടാംഘട്ടത്തിൽ 90.6 ശതമാനം ഭവനങ്ങളും പൂർത്തിയാക്കാൻ സാധിച്ചു.

ഭൂരഹിത – ഭവന രഹിത ഗുണഭോക്താക്കൾക്കുള്ള മൂന്നാംഘട്ടത്തിൽ 42 .7 ശതമാനം ഭവനങ്ങളും പൂർത്തിയാക്കി. 7 ഗ്രാമപഞ്ചായത്തുകളിൽ 100 ശതമാനം വീടുകളുടെ നിർമാണവും പൂർത്തിയായി. കയ്പമംഗലം, മുളങ്കുന്നത്തുകാവ്, പാവറട്ടി, കാട്ടകാമ്പാൽ, അവിണിശ്ശേരി, കൊടകര, എടവിലങ്ങ് എന്നി ഗ്രാമ പഞ്ചായത്തുകളാണ് 100 ശതമാനം കൈവരിച്ചത്.

പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് വകുപ്പുകളിലായി 1889 ഭവനങ്ങൾ ലൈഫ് മിഷന്‍റെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തീകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക കൂടിച്ചേരലുകൾ നടത്തി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.