തൃശ്ശൂർ: ചാവക്കാട് നഗരസഭയിൽ ലൈഫ് മിഷൻ തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു. രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും തദ്ദേശസ്ഥാപന തല ഗുണഭോക്തൃ സംഗമം, അദാലത്ത് എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിലെ പരിപാടികൾ കെ വി അബ്ദുൽ ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ലൈഫ് ഗുണഭോക്തൃ സംഗമങ്ങളിൽ വിവിധ വകുപ്പുകൾ മുഖേന ലൈഫ് ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട സേവനങ്ങൾക്കായി ജില്ലാകലക്ടറുടെ അദാലത്തുകളിൽ അപേക്ഷകൾ നൽകാം. ജനങ്ങൾക്ക് സുരക്ഷിത ഭവനം, ജീവനോപാധി എന്നിവ ഉറപ്പു വരുത്തുന്നതിന് കൂടിയാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് ചെയർപേഴ്സൺ അറിയിച്ചു. ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ കെ കെ മുബാറക്ക്, സെക്രട്ടറി കെ ബി വിശ്വനാഥൻ, പ്രോജക്ട് ഓഫീസർ സി എൻ ലളിത, മറ്റ് സ്ഥിരം സമിതി അധ്യക്ഷൻമാർ, കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.