തൃശ്ശൂർ: ലൈഫ്മിഷൻ 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി കാറളം പഞ്ചായത്തിൽ ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു. ലൈഫ്മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയിൽ കാറളം പഞ്ചായത്തിൽ 91 ഭവന കരാറിലായി 75 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 15 ഗുണഭോക്താക്കൾക്കും രണ്ടാം ഘട്ടത്തിൽ 60 ഗുണഭോക്താക്കൾക്കുമാണ് വീടുകൾ നിർമിച്ച് നൽകിയത്. ബാക്കിയുള്ള 16 വീടുകളിൽ 6 എണ്ണത്തിൻ്റെ നിർമാണം പുരോഗമിക്കുകയണ്. മറ്റ് 10 വീടുകളുടെ നിർമാണ തുകയിലേയ്ക്കായി ആദ്യ ഗഡുവും നൽകി കഴിഞ്ഞിട്ടുണ്ട്.

മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായി ലഭിച്ച 171 അപേക്ഷകളിൽ അർഹരായ 80 ഗുണഭോക്താക്കൾക്ക് വീട് വെച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലുമായി കാറളം ഗ്രാമപഞ്ചായത്തിൽ ആകെ 171 ഗുണഭോക്താക്കളാണ് ലൈഫ്മിഷൻ ഭവന കരാറിൽ ഏർപ്പെട്ടിട്ടുള്ളത്.

സംസ്ഥാന തല ഭവന പൂർത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് കാറളം ഗ്രാമപഞ്ചായത്തിലും പ്രാദേശിക കൂടിച്ചേരൽ നടന്നു. പ്രൊഫ. കെ യു അരുണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീമ പ്രേംരാജിൻ്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോഹനൻ വലിയട്ടിൽ,
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ്,
കാറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു വി അമ്പിളി
തുടങ്ങിവർ പങ്കെടുത്തു.

കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി എസ് ശശികുമാർ സ്വാഗതവും കാറളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ഷീല നന്ദിയും പറഞ്ഞു