സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് ദേശീയ സഫായി കർമ്മചാരീസ് ധനകാര്യ വികസന കോർപ്പറേഷന്റെ വായ്പ ലഭ്യമാകുന്നതിന് വേണ്ടി സർക്കാർ 200 കോടി രൂപയുടെ ഗ്യാരന്റി അനുവദിച്ചു.
1723 കോടി രൂപയുടെ ഗ്യാരന്റി കേരള സർക്കാർ ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഇതിൽ 1075 കോടി രൂപയുടെ ഗ്യാരന്റിയും ഈ സർക്കാരിന്റെ കാലയളവിലാണ് അനുവദിച്ചത്.
200 കോടി രൂപയുടെ ഗ്യാരന്റി വിനിയോഗിച്ച് ദേശീയ സഫായി കർമ്മചാരീസ് ധനകാര്യ വികസന കോർപ്പറേഷന്റെ ഫണ്ട് സ്വീകരിച്ച് ശുചീകരണ മേഖലയിലെ തൊഴിൽ സംരംഭങ്ങൾക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കും കൂടുതൽ വായ്പ ലഭ്യമാക്കുന്നതിന് സാധിക്കും.
ഇതുവരെ 50587 ഗുണഭോക്താക്കൾക്ക് 445 കോടി രൂപ വായ്പയായി  കോർപ്പറേഷൻ നൽകി. ഈ സാമ്പത്തിക വർഷാവസാനത്തോടെ 650 കോടി രൂപയുടെ വായ്പാ വിതരണം നിർവഹിക്കാൻ കോർപ്പറേഷന് സാധിക്കും. ഈ സർക്കാരിന്റെ കാലയളവിൽ 226489 ഗുണഭോക്താക്കൾക്ക് വിവിധ വായ്പാ പദ്ധതികൾ മുഖേന 2150 കോടി രൂപയാണ് കോർപ്പറേഷൻ വിതരണം ചെയ്തത്.