തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും റോഡരികിൽ വലിച്ചെറിയപ്പെട്ട അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. പഞ്ചായത്തിലെ 16 വാർഡുകളിലും രാവിലെ 7 മണി മുതൽ 11 വരെ ഒരേ സമയത്തായിരുന്നു മാലിന്യങ്ങൾ നീക്കം ചെയ്തത്. ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് നേതൃത്വം നൽകിയത്. റോഡരികിൽ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ, ചില്ലു കുപ്പികൾ, ബാഗ്, ചെരുപ്പ്, തെർമോകോൾ എന്നിവ ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളാണ് നീക്കം ചെയ്തത്.

ഇങ്ങനെ കണ്ടെത്തിയ അജൈവ മാലിന്യങ്ങൾ ഗ്രാമ പഞ്ചായത്തിലെ തന്നെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന വനിതാ വ്യവസായ എസ്റ്റേറ്റിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻ്ററിലാണ് ശേഖരിച്ചിട്ടുള്ളത്. ഇവ തരംതിരിച്ചതിന് ശേഷം റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻ്ററിൻ്റെ പ്രവർത്തനത്തിലൂടെ ബെയിൽ ചെയ്തെടുക്കുന്നതിനും തുടർന്ന് ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുന്നതിനുമാണ് തീരുമാനം.

താമരപ്പിള്ളി സെൻ്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായി. ചടങ്ങിൽ
എളവള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു പ്രദീപ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ സുഗതൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തോമസ് ഏലിയാസ് രാജൻ, വാർഡ് മെമ്പർമാരായ ടി സി മോഹനൻ, എൻ ബി ജയ, ജീന അശോകൻ, സനൽ കുന്നത്തുള്ളി, ശ്രീജിത തുടങ്ങിയവർ പങ്കെടുത്തു.