തൃശ്ശൂര്‍: ജില്ലയിൽ പട്ടയം സംബന്ധമായ അപേക്ഷകളിൽ നടപടിക്രമം പാലിച്ച് അടിയന്തരമായി നടപടിയെടുക്കാൻ മന്ത്രി വി.എസ് സുനിൽകുമാർ നിർദേശം നൽകി.
100 ദിന പരിപാടിയുടെ ഭാഗമായി 10000 പട്ടയങ്ങൾ അനുവദിക്കുന്നതിനുള്ള നടപടികൾ വിലയിരുത്തുന്നതിനുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
റവന്യൂ വിഭാഗത്തിന് നേരിട്ട് പട്ടയം നൽക്കാൻ കഴിയുന്ന പട്ടയങ്ങൾ പട്ടയമേളയ്ക്ക് മുൻപ് നൽകാമെന്നും മന്ത്രി പറഞ്ഞു.
കോർപ്പറേഷനുമായി ബന്ധപ്പെട്ട് പുനർ നിക്ഷിപ്തമായി കിട്ടേണ്ട അപേക്ഷകൾ സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. ഇവയും തിരികെ ലഭ്യമാകുന്ന മുറയ്ക്ക് പട്ടയമേളയിൽ ഉൾപ്പെടുത്തും.
തൃശൂർ നിയോജക മണ്ഡലത്തിലെ പട്ടയങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടനെ പരിഹരിക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.
രാമനിലയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ് ഷാനവാസ്, എഡിഎം റെജി പി ജോസഫ്, കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു