തൃശ്ശൂര്‍:  ഒല്ലൂർ നിയോജക മണ്ഡലത്തിൻ്റെ സമഗ്ര കാർഷിക വികസനത്തിനായി ആവിഷ്കരിച്ച ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി “പോഷക സമൃദ്ധി ” എന്ന പേരിൽ മുരിങ്ങകൃഷിയുടെ വ്യാപന പരിപാടി നടപ്പാക്കുന്നു. പദ്ധതിയ്ക്ക് മാടക്കത്തറ ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു .

ഒല്ലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ഗ്രാമ പഞ്ചായത്തുകളിലെ 1000 വനിത കർഷകർക്ക് 5 മുരിങ്ങ തൈകൾ വീതമാണ് വിതരണം ചെയ്യുന്നത് . ഇത്തരത്തിൽ വിതരണം ചെയ്യുന്ന തൈകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന മുരിങ്ങയിലകൾ വില നൽകി തിരികെ വാങ്ങും. മുരിങ്ങയിലയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത് .

മുരിങ്ങ തൈകളുടെ വിതരണോദ്ഘാടനം ചീഫ് വിപ്പ് അഡ്വ കെ. രാജൻ നിർവ്വഹിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിരാ മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ . രവി മുഖ്യാതിഥിയായി. കേരള കാർഷിക സർവ്വകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.പി.അനിത മുരിങ്ങയുടെ കൃഷിരീതികളെ കുറിച്ച് ക്ലാസെടുത്തു