ഉദ്ഘാടനം മെയ് 7ന്
പുതിയ രൂപവും ഭംഗിയും കൈവരിച്ച് സഞ്ചാരികളെ വരവേല്ക്കാനൊരുങ്ങി പാഞ്ചാലിമേട് വിനോദസഞ്ചാരകേന്ദ്രം. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരക്കാഴ്ചയും ശീതക്കാറ്റിന്റെ കുളിര്‍മയും ആസ്വദിക്കുവാന്‍ ഇവിടെയെത്തുന്നവരെ സ്വീകരിക്കുവാന്‍ മികച്ച പ്രവേശനകവാടം, നടപ്പാത, വിശ്രമകേന്ദ്രം, റെയിന്‍ ഷെല്‍ട്ടര്‍, കോഫിഷോപ്പ്, ഇരിപ്പിടങ്ങള്‍, ടോയ്‌ലറ്റ് സൗകര്യം, സോളാര്‍ വിളക്കുകള്‍ തുടങ്ങിയവ ഒരുക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്. പൂര്‍ത്തീകരിച്ച ആദ്യഘട്ട പദ്ധതികളുടെ ഉദ്ഘാടനം 7ന് രാവിലെ 11.30 ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. അഡ്വ. ജോയിസ് ജോര്‍ജ് എം.പി മുഖ്യാതിഥിയാകുന്ന യോഗത്തില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ ജി.ആര്‍.ഗോകുല്‍ റിപ്പോര്‍ട്ടവതരിപ്പിക്കും.
അഴുത ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലിസ്സിയാമ്മ ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.രാജന്‍, ജില്ലാപഞ്ചായത്തംഗം മോളി ഡൊമിനിക്, ബ്ലോക്ക്പഞ്ചായത്തംഗം സന്ധ്യാമോള്‍ സുബാഷ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്യാമള മോഹനന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍.പി.വിജയന്‍ സ്വാഗതവും ടൂറിസം ഇടുക്കി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ഷൈന്‍ നന്ദിയും പറയും.
ടൂറിസം വകുപ്പ് രണ്ടുകോടി രൂപ ചെലവഴിച്ച പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇ.എസ് ബിജിമോള്‍ എം.എല്‍എയുടെയും പെരുവന്താനം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ശ്രമഫലമായാണ് വളരെ പെട്ടെന്ന് പൂര്‍ത്തീകരിച്ചത്.
പ്രകൃതി മനോഹരമായ മലനിരകളും കോടമഞ്ഞും അലങ്കരിക്കുന്ന പാഞ്ചാലിമേട്ടില്‍ നിന്നാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വീദൂരകാഴ്ചയും ദൃശ്യമാണ്. വിനോദസഞ്ചാരകേന്ദ്രമെന്നതിനു പുറമെ ശബരിമല പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടില്‍ നിന്നും കാണാം. മകരവിളക്ക് ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേരുന്ന സ്ഥലമെന്ന പവിത്രതയും പാഞ്ചാലിമേടിനുണ്ട്. ഒരു കുന്നില്‍ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രവും ഇവിടെയുണ്ട്. പാണ്ഡവര്‍ വനവാസക്കാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവുമുളള പാഞ്ചാലിമേട്ടിലെത്തുന്നവരെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ബുദ്ധിമുട്ടിച്ചിരുന്നു. ഇതിനൊരു ശാശ്വതപരിഹാരമാണ് ടൂറിസം വകുപ്പ് സജ്ജീകരിച്ചുവരുന്നത്. സാഹസികയാത്രയ്ക്ക് യോജിച്ച സ്ഥലമായതിനാല്‍ അത്തരത്തിലുളള സൗകര്യങ്ങള്‍ ഉള്‍പ്പെടെയുളളവ അടുത്ത ഘട്ടത്തില്‍ നടപ്പാക്കും. കോട്ടയം-കുമളി റോഡില്‍ പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ വളഞ്ഞാംകാനത്തുനിന്നും വലത്തോട്ടുളള റോഡില്‍ ഏകദേശം നാലു കിലോമീറ്റര്‍ മാറി സ്ഥിചെയ്യുന്ന ഈ വിനോദസഞ്ചാരകേന്ദ്രം കൂടുതല്‍ മികച്ചതാക്കുവാനുളള പ്രവര്‍ത്തനത്തിലാണ് ടൂറിസം വകുപ്പ്.
