ഹെല്‍പ്പ് ഡസ്‌കുകള്‍ നമ്പര്‍ 9061518888
കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിന് വേണ്ടിയുള്ള നീറ്റ് പരീക്ഷ എഴുതാനെത്തുന്ന ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കായി എറണാകുളം ജില്ലാ ഭരണകൂടം ഹെല്‍പ്പ് ഡസ്‌ക് തുറന്നു. 9061518888 എന്ന ഹെല്‍പ് ഡസ്‌ക് നമ്പറിലേക്ക് നേരിട്ട് വിളിച്ചോ, എസ്.എം.എസ്, വാട്‌സാപ്പ് എന്നിവ മുഖേനയോ ബന്ധപ്പെടാനാകും. അങ്കമാലി, ആലുവ, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത് എന്നീ റെയില്‍വെ സ്റ്റേഷനുകളിലും പ്രധാന ബസ് സ്റ്റേഷനുകളിലും വോളന്റിയര്‍മാരുടെ സഹായത്തോടെ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കും. റെയില്‍വെ, പൊലീസ് വകുപ്പുകളുടെ സഹായവും ലഭിക്കും. മെഡിക്കല്‍ ബൂത്തുകളും ഏര്‍പ്പെടുത്തും.
എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടി വരുന്ന ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടേക്കെത്തുന്നതിനും താമസ സൗകര്യം, വാഹന സൗകര്യം എന്നിവ ലഭിക്കുന്നതിനും ഹെല്‍പ്പ് ഡസ്‌ക് മുഖേന സഹായം ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. മൊത്തം അയ്യായിരത്തോളം ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കാണ് എറണാകുളം ജില്ലയില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നാണ്. സ്വന്തം സംസ്ഥാനങ്ങളില്‍ കേന്ദ്രം ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായതിനെ തുടര്‍ന്ന് പെട്ടെന്ന് യാത്ര പുറപ്പെടേണ്ടി വന്നവരെ സഹായിക്കുകയാണ് ഹെല്‍പ് ഡസ്‌കിന്റെ ലക്ഷ്യം.
മൊത്തം 58 നീറ്റ് പരീക്ഷാകേന്ദ്രങ്ങളാണ് എറണാകുളം ജില്ലയിലുള്ളത്. ഇതില്‍ 37 കേന്ദ്രങ്ങള്‍ നഗരമേഖലയിലും 21 കേന്ദ്രങ്ങള്‍ റൂറല്‍ ജില്ലയിലുമാണ്. അയ്യായിരത്തോളം ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ അടക്കം 33160 വിദ്യാര്‍ത്ഥികള്‍ക്കാണ് ജില്ലയില്‍ ഹാള്‍ ടിക്കറ്റ് അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ ഇന്നു രാവിലെ മുതല്‍ ട്രെയിനുകളിലും ബസുകളിലും എത്തിത്തുടങ്ങുമെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ താമസസൗകര്യം, വാഹനസൗകര്യം എന്നിവ ലഭിക്കുന്നതിന് റെയില്‍വെ, ബസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌കുകള്‍ മാര്‍ഗനിര്‍ദേശം നല്‍കും. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അമിതകൂലിയും വാടകയും ഈടാക്കി ചൂഷണം ചെയ്യുന്നത് തടയാന്‍ പൊലീസ് രംഗത്തുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.