തിരുവനന്തപുരം: ആദിവാസി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ശുപാർശകളടക്കം സാക്ഷരതാമിഷൻ സർക്കാരിന് സമർപ്പിച്ചു. സാക്ഷരതാമിഷൻ നടപ്പിലാക്കിവരുന്ന വിവിധ ആദിവാസി സാക്ഷരത-തുല്യതാ പദ്ധതികളിലെ 350 ആദിവാസി ഇൻസ്ട്രക്ടർമാർക്കായി സംഘടിപ്പിച്ച സാമൂഹ്യസാക്ഷരതാ പരിശീലന പരിപാടിയുടെ ഭാഗമായി നടന്ന വിഷയാധിഷ്ഠിത ചർച്ചകളിൽ ഉയർന്നുവന്ന അഭിപ്രായങ്ങളുടെയും നിർദ്ദേശങ്ങളുടെയും വിശദമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പു മന്ത്രി എ.കെബാലൻ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് കൈമാറി.
റിപ്പോർ്ട്ടിലെ പ്രധാന ശുപാർശകൾ ഇപ്രകാരമാണ്: ആദിവാസികളുടെ ക്ഷേമത്തിനായി സർക്കാരിന്റെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള കർമ്മപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുക, സാക്ഷരത- തുടർവിദ്യാഭ്യാസപദ്ധതി എല്ലാ ആദിവാസി ഊരുകളിലേക്കും വ്യാപിപ്പിക്കുക, ഹയർസെക്കൻഡറി തുല്യതവരെയുള്ള തുടർവിദ്യാഭ്യാസം എല്ലാ ആദിവാസി ഊരുകളിലും ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പട്ടികവർഗ വികസനവകുപ്പിന്റെയും സാമ്പത്തിക സഹായം വകയിരുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്തുണ ഉറപ്പുവരുത്തുക, എല്ലാ ഊരുകളിലും പത്രം- ആനുകാലികങ്ങൾ (കുറഞ്ഞത് രണ്ടു പത്രങ്ങളും രണ്ട് ആനുകാലികങ്ങളും) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുക, എല്ലാ ഊരുകളിലും ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ആദിവാസി പ്രേരക്മാരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ലൈബ്രറികൾ ആരംഭിക്കുക, ബോധവൽക്കരണം ആവശ്യമുള്ള മേഖലകളിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഡിജിറ്റൽ പഠനസഹായികൾ ഉൾപ്പെടെ തയ്യാറാക്കി നൽകുക, ഊരുകൾ കേന്ദ്രീകരിച്ച് സാഹിത്യഅക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്ര അക്കാദമി, സംഗീതനാടക അക്കാദമി തുടങ്ങിയവയുടെ ക്യാമ്പുകളും പരിശീലനങ്ങളും സംഘടിപ്പിക്കുക, ആധുനിക വ്യവസായങ്ങൾ ആദിവാസിമേഖലയിൽ ആരംഭിക്കുകയും അവർക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്യുക, കൃഷി ചെയ്യാനുള്ള പിന്തുണ നൽകുക, കൃഷിയിൽ നിന്നും ചെറുകിട വ്യവസായങ്ങളിൽ നിന്നുമുള്ള ഉൽപ്പനങ്ങൾക്ക് വിപണി ഉറപ്പാക്കുക, അവ ശേഖരിക്കുന്ന സൊസൈറ്റികൽ രൂപീകരിക്കുക, പൊതുവിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, പട്ടികവർഗവികസനവകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായി ഊരുകളിൽ സ്ഥിരമായ അനൗപചാരിക വിദ്യാഭ്യാസസൗകര്യം ഒരുക്കുക, ഗോത്രസാരഥി പദ്ധതി പ്ലസ്ടു വരെ വ്യാപിപ്പിക്കുക, വിദ്യാഭ്യാസ കൗൺസലിംഗ് നടത്തുക, ഉന്നതവിദ്യാഭ്യാസ കോഴ്സുകൾ പരിചയപ്പെടുത്തുന്നതിനും ഇത്തരം കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നതിനും ആവശ്യമായ പരിശീലനം നൽകുന്നതിന് പദ്ധതികൾ നടപ്പാക്കുക, മത്സരപ്പരീക്ഷകൾക്ക് തയ്യാറാകുന്നതിന് പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, ആദിവാസി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസയോഗ്യതക്ക് അനുസൃതമായ തൊഴിൽലഭ്യത ഉറപ്പ് വരുത്തുക, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്ഥാപനങ്ങൽ തുടങ്ങിയവയുടെ വിവിധ പ്രോജക്ട് ഉൾപ്പെടെയുള്ള സംരംഭങ്ങളിൽ ആദിവാസി വിഭാഗങ്ങളിലെ വിദ്യാസമ്പന്നർക്ക് തൊഴിൽലഭ്യത ഉറപ്പുവരുത്തുക, സർക്കാർ ആദിവാസി വിഭാഗങ്ങൾക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചും നിയമപരിരക്ഷയെക്കുറിച്ചും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ ശുപാർശകളാണ് സമർപ്പിച്ചത്.