‘വില്ലുവണ്ടി വര്‍ണ്ണങ്ങള്‍’ ചിത്രരചനാ സംഗമം തുടങ്ങി
കേരളം കണ്ട എക്കാലത്തെയും മികച്ച വിപ്ലവകാരിയും സാംസ്‌കാരിക നായകനുമായിരുന്നു അയ്യന്‍കാളിയെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. വില്ലുവണ്ടി സമരത്തിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലളിതകലാ അക്കാദമി അയ്യന്‍കാളി ട്രസ്റ്റുമായി സഹകരിച്ച് ‘വില്ലുവണ്ടി വര്‍ണ്ണങ്ങള്‍’ എന്ന പേരില്‍ വെങ്ങാനൂര്‍ അയ്യന്‍കാളി സ്മാരക അപ്പര്‍ പ്രൈമറി സ്‌കൂളില്‍ സംഘടിപ്പിച്ച  ചിത്രരചനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സമാനതകളില്ലാത്തതും ഒരുപാട് പേര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയതുമായ യാത്രയാണ് 125 വര്‍ഷം മുമ്പ് അയ്യന്‍കാളി നടത്തിയത്. ആ യാത്രയ്ക്ക് പ്രണാമം അര്‍പ്പിക്കുകയാണ് വില്ലുവണ്ടി വര്‍ണങ്ങള്‍ എന്ന പരിപാടിയിലൂടെ കലാകാരന്മാര്‍ ഇവിടെ ചെയ്യുന്നത്. ദലിത് ജനവിഭാഗങ്ങളുടെ അന്തസിനും ആത്മാഭിമാനത്തിനുമായി പോരാടിയ, ജാതിമേല്‍ക്കോയ്മക്കെതിരെ നിരന്തരം സമരം ചെയ്ത വിപ്ലവകാരിയായിരുന്നു അയ്യന്‍കാളി. വെങ്ങാനൂരില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് നടത്തിയ യാത്രയില്‍ പല സ്ഥലത്തും ആക്രമണങ്ങള്‍ അയ്യന്‍കാളിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സവര്‍ണര്‍ ഉപയോഗിച്ചിരുന്ന കുടമണി കെട്ടിയ വണ്ടിയില്‍ മേല്‍മീശയും തലപ്പാവും വെച്ച് അയ്യന്‍കാളി നടത്തിയ യാത്ര അക്കാലത്ത് സവര്‍ണ മേധാവികളെ പ്രകോപിതരാക്കി. അവര്‍ ഇതിനെ നേരിടാന്‍ തീരുമാനിച്ചു. എന്നാല്‍ അയ്യന്‍കാളി തന്റെ യാത്രയില്‍നിന്ന് പിന്മാറാന്‍ തയാറായില്ല. കേരളത്തിന്റെ പൊതു വഴിയിലൂടെ ദലിതര്‍ക്ക് വഴി നടക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തത് അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്രയാണ്. ഇത്തരത്തില്‍ അയ്യന്‍കാളി നടത്തിയ പോരാട്ടങ്ങള്‍ കൂടി രേഖപ്പെടുത്തിയാലേ കേരളത്തിന്റെ നവോത്ഥാന ചരിത്രം പൂര്‍ണമാകൂ. കേരളത്തിലെ ആദ്യ വര്‍ഗ സമരമെന്ന് പറയുന്നത് അയ്യന്‍കാളി നടത്തിയ കാര്‍ഷിക സമരമാണെന്നും മന്ത്രി പറഞ്ഞു.
ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ ചെയര്‍മാന്‍ അഡ്വ.പി.എസ്. ഹരികുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വെങ്ങാനൂര്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു. ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും എന്‍. വിജയകുമാര്‍ നന്ദിയും പറഞ്ഞു.
മധു വേണുഗോപാല്‍, സുനില്‍ അശോകപുരം, സുനില്‍ കുമാര്‍ ജി., കൃഷ്ണ ജനാര്‍ദ്ദന, ഭഗത്സിംഗ്, സുനില്‍ലാല്‍, സുരേഷ് കുമാര്‍, അനിത, സിത്താര, ഡോ.ശ്രീകല എന്നീ കലാകാരന്മാരും പ്രാദേശിക ചിത്രകാരന്മാരായ പത്തു പേരും ചിത്രരചനാ സംഗമത്തില്‍ പങ്കെടുത്തു. മെയ് എട്ട് വരെയാണ് സംഗമം. പങ്കെടുത്തവരുടെ രചനകളുടെ പ്രദര്‍ശനം മെയ് ഒമ്പത് മുതല്‍ 15 വരെ സ്‌കൂള്‍ ഹാളില്‍ നടക്കും.