ഇന്ത്യൻ ജനതയിൽ ശാസ്ത്രബോധം വളർത്താനുള്ള ശ്രമത്തിൽ ഇനിയുമേറെ മുന്നേറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രവും സാങ്കേതിക വിദ്യയും ഏറെ ഉയരത്തിലെത്തിയ കാലത്ത് ശാസ്ത്രമാണ് ജീവിതത്തിന്റെ വഴികാട്ടിയാകേണ്ടത് എന്ന തിരിച്ചറിവ് സമൂഹത്തിലാകെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 33 -ാമത് ശാസ്ത്ര കോൺഗ്രസിന്റെ ഔപചാരിക ഉദ്ഘാടനചടങ്ങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യക്തിയും സമൂഹവും രാഷ്ട്രവും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശാസ്ത്രത്തിന്റെ രീതിയാണ് ഉത്തമം എന്ന ബോധ്യം എല്ലാതലത്തിലും ഉണ്ടാകണം. ശാസ്ത്രവിദ്യാഭ്യാസം നേടിയവർ പോലും അന്ധവിശ്വാസങ്ങളുടേയും കപടശാസ്ത്രങ്ങളുടേയും പ്രചാരകരാകുന്ന ഈ കാലത്ത് ഇത് പ്രസക്തമാണ്.

അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ബന്ധിതമായിരുന്ന സമൂഹം സ്വാതന്ത്ര്യത്തിന് ശേഷം ഏറെ മുന്നോട്ടുപോയത് ശാസ്ത്രബോധം വളർത്തുന്നതിൽ നടത്തിയ ബോധപൂർവമായ ഇടപെടലുകൾ മൂലമാണ്. രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കാരണക്കാരായി എന്നതാണ് ആധുനിക ഇന്ത്യയുടെ ചരിത്രം വ്യക്തമാക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രബോധം ഇന്ത്യയിൽ വളർന്നോ എന്ന ചോദ്യത്തിന്റെ മറുപടി അൽപം അസ്വസ്തമാക്കുന്നതാണ്. മിത്തുകളും കെട്ടുകഥകളും ചരിത്രമായി വ്യാഖ്യാനിക്കുന്നവരെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്ന അവസ്ഥയുണ്ട്. വിശ്വാസങ്ങൾ ശാസ്ത്രമാണെന്ന് സ്ഥാപിക്കാനുള്ള ഗവേഷണ പദ്ധതികൾ പ്രഖ്യാപിക്കുന്ന രീതിയിൽ ശാസ്ത്രബോധത്തെ വെല്ലുവിളിക്കുന്ന അപകടകരമായ അവസ്ഥയാണ് പലപ്പോഴും നമുക്ക് ചുറ്റും.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഏറെ മുന്നോട്ടുപോയെങ്കിലും ദുർമന്ത്രവാദത്തിന്റെ പേരിലുള്ള പീഡനവും മരണവും നടക്കുന്നുണ്ടെന്നതും നാം ഓർക്കണം. ലോകത്തെയാകെ ഗ്രസിച്ച മഹാമാരി നേരിടാൻ ശാസ്ത്രീയമായ ഇടപെടലുകൾ രാജ്യത്ത് ശാസ്ത്രബോധം വളർത്തേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നു. കോവിഡ് കാലം തിരിച്ചറിവിന്റെ കാലഘട്ടമാണ്. തുടക്കം മുതൽ ശാസ്ത്രത്തെ ഉപയോഗിച്ചാണ് വൈറസിനെ ലോകം നേരിട്ടത്. എന്നാൽ, ചില ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ളവർ തെറ്റായ പ്രചാരണം നടത്തിയതും നമുക്ക് ഓർമയുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രബോധം വളർത്തൽ പരമപ്രധാനമാണ്. ശാസ്ത്രീയവീക്ഷണത്തോടെ രോഗത്തെ മനസിലാക്കി പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടത്. ശാസ്ത്രം സമൂഹത്തിൽ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നുവെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ലോകത്താകെ കണ്ടത്. അതുകൊണ്ടുതന്നെ ശാസ്ത്രത്തെക്കുറിച്ച് പറയാനും ആഘോഷിക്കാനും പറ്റിയ കാലമാണിത്.

മഹാമാരിയുടെ കണ്ണികൾ മുറിക്കുന്നതിനൊപ്പം ശാസ്ത്രവിജ്ഞാനത്തിന്റെയും പ്രവർത്തനങ്ങളുടെയും ചങ്ങല നാം ബലപ്പെടുത്തണം. ജീവിതത്തിന്റെ വഴികാട്ടിയായി ശാസ്ത്രബോധത്തെ സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കണം. ഇതാണ് കേരളത്തിലെ സർക്കാരിനെ എപ്പോഴും നയിച്ചിട്ടുള്ള ചിന്ത. വിവിധ മഹാമാരികൾ വന്നപ്പോഴും പശ്ചാത്തല വികസനത്തിലും അടിസ്ഥാന സൗകര്യത്തിലും സമാനതകളില്ലാത്ത മുന്നേറ്റം നടത്താൻ കേരളത്തിന് സാധിച്ചത് ഇത്തരം ശാസ്ത്രീയ വീക്ഷണം കാരണമാണ്. ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനൊപ്പം കാലാനുസൃതമായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും സർക്കാരിനായി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ളവ ഉദാഹരണങ്ങളാണ്. ഇത്തരത്തിലെ സ്ഥാപനങ്ങളെ ഇനിയുള്ള ഘട്ടത്തിൽ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുകയെന്നതാണ് ലക്ഷ്യം.

അറിവിന് പ്രാമുഖ്യം നൽകുന്ന സമൂഹമായി മാറുക എന്നതിലേക്കാണ് നാം നീങ്ങുന്നത്. ശാസ്ത്രസ്ഥാപനങ്ങൾ മാത്രമല്ല, എല്ലാ വകുപ്പുകളുടെ പ്രവർത്തനങ്ങളിലും സേവനങ്ങളിലും പൊതുജനങ്ങൾക്ക് ഗുണകരമാകുംവിധം കാലാനുസൃതമായ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുബോധത്തിൽ ശാസ്ത്രാവബോധം വളർത്താൻ ഏറെ സഹായകമായതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സർവകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷണ വിശകലന ഉപകരണങ്ങളുടെ ആധികാരിക ഡാറ്റാബേസ് ആയ ‘റിസർച്ച് എക്യുപ്മെൻറ് അവയർനെസ് പോർട്ടൽ-കേരള (REAP-K) യുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

ചടങ്ങിൽ യുവ ശാസ്ത്രജ്ഞർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ഗോൾഡ് മെഡൽ, ഡോ: എസ്. വാസുദേവ് അവാർഡ്, ശാസ്ത്ര സാഹിത്യ അവാർഡുകൾ, ശാസ്ത്ര സാഹിത്യ അവാർഡുകൾ, ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ച മികച്ച പ്രബന്ധങ്ങൾക്കും പോസ്റ്ററുകൾക്കുമുള്ള അവാർഡുകൾ എന്നിവയും വിതരണം ചെയ്തു.
‘പകർച്ച വ്യാധികൾ: അപകടസാധ്യതയും ലഘൂകരണവും എന്നതാണ് ഈ വർഷത്തെ ശാസ്ത്ര കോൺഗ്രസിന്റെ പ്രമേയം. ജനുവരി 25 മുതൽ 28 വരെയാണ് ടെക്നിക്കൽ സെഷനുകൾ നടന്നത്. ചടങ്ങിൽ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ: കെ.പി സുധീർ അധ്യക്ഷത വഹിച്ചു. കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ: എസ്. പ്രദീപ് കുമാർ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ക്ലിനിക്കൽ വൈറോളജി മേധാവിയായിരുന്ന ഡോ: ടി. ജേക്കബ് ജോൺ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ: വി.പി. മഹാദേവൻപിള്ള തുടങ്ങിയവർ സംബന്ധിച്ചു.

ചടങ്ങിൽ ഡോ: തോമസ് വി.പി ഡോ. എസ്. വസുദേവ് അവാർഡ് ഏറ്റുവാങ്ങി. ഡോ: എ.എ അമ്പിളി, ഡോ: ദീപു ശിവദാസ്, ഡോ. പി. ശ്രീജിത്ത് ശങ്കർ, ഡോ: സുദർശൻ കാർത്തിക് എന്നിവർ യുവശാസ്ത്രജ്ഞ പുരസ്‌കാരങ്ങളും ഡോ. ആർ. പ്രസന്നകുമാർ, ഡോ. വി. പ്രസന്നകുമാർ, മാത്യൂസ് ഗ്ളോറി, സീമ ശ്രീലയം, ഡോ: അനിൽകുമാർ വടവാതൂർ, എസ്. അശ്വിൻ, പ്രസന്ന വർമ്മ എന്നിവർ ശാസ്്ത്ര സാഹിത്യ അവാർഡുകളും ഏറ്റുവാങ്ങി.