പാലക്കാട്: ജില്ലയില്‍ 27664 അയല്‍ക്കൂട്ടങ്ങള്‍, 373130 അയല്‍ക്കൂട്ട കുടുംബങ്ങള്‍, 2576 സ്വയംതൊഴില്‍ സംരംഭങ്ങള്‍, 3610 സംഘകൃഷി ഗ്രൂപ്പുകള്‍, 26 ബഡ്സ് സ്‌കൂളുകള്‍, 37 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍, 13 കമ്മ്യൂണിറ്റി കൗണ്‍സലിങ് സെന്ററുകള്‍, 221 പട്ടികവര്‍ഗ അയല്‍ക്കൂട്ടങ്ങള്‍, 2861 ബാലസഭകള്‍, 5 ഡി.ഡി.യു.ജി.കെ.വൈ(ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന) പരിശീലന കേന്ദ്രങ്ങള്‍, 39 എംപാനല്‍ഡ് പരിശീലന കേന്ദ്രങ്ങള്‍, ഒരു സ്നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക്, രണ്ട് ബ്ലോക്കുകളില്‍ എസ്.വി.ഇ.പി (സ്റ്റാട്ടര്‍പ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം), 78 ജനകീയ ഹോട്ടലുകള്‍ എന്നിവ കുടുംബശ്രീ വഴി പ്രവര്‍ത്തിച്ചു വരുന്നു.

സാമ്പത്തിക -സാമൂഹിക – സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുളള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടപ്പാക്കി വരുന്നത്. സ്ത്രീകള്‍ക്ക് നൈപുണ്യ വികസനം, വിദഗ്ധ തൊഴില്‍ പരിശീലനം എന്നിവയ്ക്കു പുറമെ വ്യക്തിഗത-ഗ്രൂപ്പ് കൗണ്‍സിലിങിനായി പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു. വിവിധ ഗവേഷണങ്ങള്‍ക്കൊപ്പം കോഴ്‌സുകളുടെ നടത്തിപ്പ്, ജെന്‍ഡര്‍ അവലോകന പരിശീലനം, അതിക്രമങ്ങളിലും ചൂഷണങ്ങളിലും അകപ്പെടുന്ന സ്ത്രീകള്‍ക്ക് പിന്തുണ, സര്‍ക്കാര്‍ സേവനങ്ങളും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുക എന്നിങ്ങനെ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു.

 

വിശപ്പുരഹിത കേരളം’ ലക്ഷ്യമിട്ട് മുഴുവന്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കീഴില്‍ 20 രൂപ നിരക്കില്‍ ഉച്ചയൂണ് നല്‍കികൊണ്ട് ജില്ലയില്‍ കുടുംബശ്രീ 78 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചു. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ 96 കുടുംബശ്രീ സി.ഡി.എസുകളില്‍ നിന്ന് സമാഹരിച്ച 84.18 ലക്ഷം സംഭാവന നല്‍കി. അശരണരായ സ്ത്രീകള്‍ക്ക് സ്‌നേഹിത ഷോര്‍ട് സ്റ്റേ ഹോം, അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര സഹായം നല്‍കുന്ന 24 മണിക്കൂര്‍ വനിതാശിശു സഹായ കേന്ദ്രം ‘സ്നേഹിത’ , ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകള്‍ക്കായി ‘സ്നേഹിത കോളിങ് ബെല്‍’ പദ്ധതി തുടങ്ങിയവ പ്രവര്‍ത്തിച്ചു വരുന്നു. സ്നേഹിത കോളിങ് ബെല്‍’ പദ്ധതിപ്രകാരം ജില്ലയില്‍ 8294 ഗുണഭോക്താക്കളെ പ്രത്യേക സര്‍വ്വേയിലൂടെ കുടുംബശ്രീ കണ്ടെത്തി. കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ്’ പാലക്കാട് 2019 നവംബറില്‍ നടന്നു. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയുടെ അടിസ്ഥാനം ആത്മവിശ്വാസവും ഉള്ളുറപ്പും തന്റേടവുമാണ് എന്ന ബോധ്യമാണ് കലാസാംസ്‌കാരിക മേള മുന്നോട്ടു വച്ചത്.