മലപ്പുറം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി  ജില്ലയിലെ 4,53,118 കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി ജനുവരി 31 ന് പോളിയോ തുള്ളിമരുന്ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലയില്‍ 3760 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനുള്ള 164 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആദ്യദിനം ബൂത്തിലെത്തി തുള്ളിമരുന്ന് നല്‍കാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ദിനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും, വളണ്ടിയര്‍മാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി 408 സൂപ്പര്‍വൈസര്‍മാര്‍ക്കും 8022 വളണ്ടിയര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.

കോവിഡ് 19 മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജില്ലയില്‍ നടത്തുന്നത്. കുട്ടികളെ തുള്ളി  മരുന്ന് നല്‍കുന്നതിനായി ബൂത്തുകളില്‍ കൊണ്ടുവരുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കണം. മാസ്‌ക് ശരിയായി ധരിക്കുകയും, കൈകള്‍ സാനിറ്റൈസ് ചെയ്യുകയും, ശാരീരിക അകലം പാലിക്കുകയും വേണം. ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്  ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുവരണം. കുട്ടിയുടെ കൂടെ ഒരാള്‍ മാത്രമേ പോളിയോ ബൂത്തില്‍ വരാന്‍ പാടുള്ളൂ. പോളിയോ രോഗം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് അഞ്ചു വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ജനുവരി 31 ന് പോളിയോ തുള്ളിമരുന്ന് നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.