വയനാട്: ജില്ലയില് കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിറക്കി. ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അതത് സ്ഥാപനങ്ങളില്‍ തന്നെ കോവിഡ് പ്രോട്ടോകോള്‍ ടീമിനെ നിയമിക്കണം. പ്രോട്ടോക്കോള്‍ ടീമിന്റെ പേരും വിവരവും സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രദ്ധിക്കണം.

പൊതുജനങ്ങള്‍ മാസ്‌ക്, സാമൂഹ്യ അകലം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പൊതുയിടങ്ങളിലും, കവലകളിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുവാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും വിന്യസിച്ചു. ജില്ലയിലെ തോട്ടം മേഖലയായ പൊഴുതന, വൈത്തിരി, മൂപ്പൈനാട്, മേപ്പാടി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളില്‍ അടിയന്തിരമായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റുകള്‍ ആരംഭിക്കുവാൻ ജില്ലാ കളക്ടര്‍ ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.