തൃശ്ശൂർ:ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 2,09,706കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ മരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന അറിയിച്ചു.
31 ന് അംഗൻ വാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ,സർക്കാർ സ്വകാര്യ ആശുപത്രികൾ,
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 മണി വരെ പോളിയോ ബൂത്തുകളിലൂടെ പ്രതിരോധ മരുന്ന് നൽകും.
റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും. ആരോഗ്യവകുപ്പിലെ നേതൃത്വത്തിൽ ആരോഗ്യകേരളം, സാമൂഹ്യക്ഷേമ വകുപ്പ്,കുടുംബശ്രീ,വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളും റോട്ടറി ഇൻറർനാഷണൽ മുതലായ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ പോളിയോ മരുന്ന് വിതരണം ചെയ്യും.ആദിവാസി മേഖലയിൽ പ്രത്യേക ടീം സന്ദർശിച്ച് പ്രതിരോധ മരുന്ന് നൽകും.
മൊബൈൽ ബൂത്തുകൾ, ട്രാൻസിറ്റ് ബൂത്തുകൾ എന്നിവ ഉൾപ്പെടെ 1791സജ്ജീകരിച്ചിട്ടുണ്ട്. അന്യ ദേശ തൊഴിലാളികളുടെ 1562കുട്ടികൾക്കും ആദിവാസി മേഖലയിലെ 360 കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകും. വിവിധ കാരണങ്ങളാൽ 31 ന് തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് രണ്ട് ദിവസങ്ങളിലായി ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പ്രതിരോധ മരുന്ന് നൽകും.
ഒരു ബൂത്തിൽ 125 കുട്ടികൾക്ക് വീതമാണ് തുള്ളിമരുന്ന് നൽകുക. കുട്ടിയുടെ കൂടെ ഒരാൾക്ക് മാത്രമായിരിക്കും ബൂത്തിലേക്കെത്തുവാൻ അനുവാദമുണ്ടാവുക. കൂടുതൽ ആളുകൾ ബൂത്തുകളിൽ എത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും.തുള്ളിമരുന്ന് സ്വീകരിച്ച ഒരോ കുട്ടിയുടെയും ഇടതു കൈയ്യിലെ ചെറു വിരലിൽ മഷികൊണ്ട് രേഖപ്പെടുത്തും. ഓരോ ബൂത്തിലും കൈ കഴുകുന്നതിനും സാനിറ്റൈസേഷനും സൗകര്യം ഉണ്ടായിരിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പൾസ് പോളിയോ പ്രതിരോധ മരുന്ന് വിതരണം നടക്കുക.