മലപ്പുറം:   കോവിഡ് മഹാമാരി കടുത്ത പ്രതിസന്ധി തീര്‍ക്കുന്നതിനിടെ സംസ്ഥാനത്തിന് മാതൃകയായി മലപ്പുറം ജില്ല പുതിയൊരു അധ്യായംകൂടി രചിക്കുന്നു. ജില്ലയില്‍ രോഗബാധിതരായ ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,00,364 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്കും പരിചരണത്തിനും ശേഷം കോവിഡ് വിമുക്തരായി നിത്യ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കോവിഡ് പ്രതിരോധ വാക്സീന്‍ വിതരണം കൂടി ആരംഭിച്ചതോടെ ആരോഗ്യ മേഖലയില്‍ ആത്മവിശ്വാസം ഇരട്ടിക്കുകയാണ്.2020 മാര്‍ച്ച് 16ന് രണ്ട് പേര്‍ക്കാണ് ജില്ലയില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം 2021 ജനുവരി 30 വരെ 1,04,824 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 4,066 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 538 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ ഇതുവരെ മരണമടഞ്ഞത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തില്‍ സങ്കീര്‍ണ്ണമായ വര്‍ധനവിനിടയിലും പ്രതിരോധത്തിന്റെ പുതുമാനമാണ് ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ജനകീയ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കിയത്.

ചൈനയിലെ വുഹാനില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ നടപ്പാക്കിവന്നത്. ആദ്യ ഘട്ടം മുതല്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഇപ്പോഴും തുടരുന്നു. രോഗബാധിതരാകുന്നവരെയെല്ലാം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആശങ്കയല്ല, മുന്നൊരുക്കമാണ് പ്രധാനമെന്ന സന്ദേശവുമായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മുതല്‍ സര്‍ക്കാര്‍ തലത്തിലുള്ള മുഴുവന്‍ ആതുരാലയങ്ങളും സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളും കോവിഡ് പ്രതിരോധ-ചികിത്സാ കേന്ദ്രങ്ങളായി മാറ്റുകയും ഒപ്പം മറ്റ് ആരോഗ്യ പരിചരണങ്ങള്‍ക്കും ചികിത്സക്കും അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്താണ് ജില്ല ഈ മഹാമാരിക്കെതിരെ പ്രതിരോധമൊരുക്കിയത്. പ്രവാസികള്‍ ഏറെയുള്ള ജില്ലയില്‍ വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കൃത്യമായ ഇടപെടല്‍ തുടരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെക്കൂടി ഇത്തരത്തില്‍ നിരീക്ഷിക്കുന്നതിലൂടെ വൈറസ് വ്യാപനത്തിന്റെ തീവ്ര ഘട്ടങ്ങള്‍ ഫലപ്രദമായി ചെറുത്തു വരികയാണ്.

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകകൂടി ചെയ്താല്‍ കോവിഡ് വ്യാപനത്തിന്റെ തോത് ജില്ലയില്‍ ഗണ്യമായി കുറക്കാനാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വൈറസ് ബാധക്കുള്ള സാധ്യതയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും വേണം. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ജില്ല മുന്‍നിര്‍ത്തുന്നത്.