ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയും പ്രാധാന്യവും വിളിച്ചോതി യുവജനക്ഷേമ ബോര്‍ഡിന്റെ ആര്‍ട്ട് ഡി ടൂര്‍ യാത്ര കൊല്ലം ജില്ലയില്‍. എല്ലാ കേന്ദ്രങ്ങളിലും യാത്രയ്ക്ക് ഊഷ്മള സ്വീകരണമൊരുക്കി.
ചിന്നക്കട ബസ് ബേയില്‍ നടന്ന ചടങ്ങ് എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനംചെയ്തു. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താന്‍ സമൂഹം ഉണരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്യത്തിനെതിരായെ നീക്കങ്ങള്‍ സജീവമാകുമ്പോള്‍ ആശയപ്രചാരണത്തിലൂടെയുള്ള ചെറുത്തുനില്‍പ്പുകള്‍ അനിവാര്യമാണന്ന് മുഖ്യപ്രഭാഷണം നടത്തിയ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു പറഞ്ഞു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി. ബിജുവിനെ മേയര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
കവികളും ചിത്രകാര•ാരും കലാരൂപങ്ങളും ഉള്‍പ്പെട്ട ഘോഷയാത്രയക്ക് പിന്നാലെയാണ് പ്രദര്‍ശനവാഹനം നഗരമധ്യത്തിലേക്കെത്തിയത്. ബസ്ബേയില്‍ ഒരുക്കിയ താത്കാലിക വേദിയില്‍ ജയചന്ദ്രന് കടമ്പനാടിന്റെ നേതൃത്വത്തില്‍ നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു.
ഡബിള്‍ ഡെക്കര്‍ ബസില്‍ പുസ്തക ശേഖരവും ആവിഷ്കാര സ്വാതന്ത്രവുമായി ബന്ധപ്പെട്ട കോടതി വിധികളും ഡിജിറ്റല്‍ ദൃശ്യ-ശബ്ദ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ജില്ലാതല പര്യടനത്തിന് പാരിപ്പളളിയിലാണ് തുടക്കം കുറിച്ചത്. ജി.എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായാത്ത് പ്രസിഡന്റ് എ. സുന്ദരേശന് അധ്യക്ഷനായി.
ചാത്തന്നൂരിലെ സ്വീകരണ പരിപാടി കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍. രവീന്ദ്രന്, ജയപ്രകാശ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, കോര്‍ഡിനേറ്റര്‍ കെ. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.