ആലപ്പുഴ: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 1,2,4 തിയതികളിലായി നടക്കുന്ന ആലപ്പുഴ ജില്ലയുടെ സാന്ത്വന സ്പര്‍ശം പരാതിപരിഹാര അദാലത്തിലേക്ക് ഇതുവരെ ഓണ്‍ലൈനായി ലഭിച്ചത് ഒമ്പതിനായിരത്തിഇരുന്നൂറിലധികം പരാതികള്‍. പരാതികള്‍ എല്ലാം തന്നെ കളക്ട്രേറ്റില്‍ ക്രോഡീകരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. വകുപ്പുകള്‍ ഈ പരാതി പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കും. കൂടാതെ ഈ റിപ്പോര്‍ട്ട് പ്രിന്റൗട്ട് എടുത്ത് അതുമായി വേണം വകുപ്പിന്റെ ജില്ല തല ഉദ്യോഗസ്ഥന്‍ രാവിലെ എട്ട് മണിക്ക് അദാലത്ത് വേദിയിലെത്താന്‍. അദാലത്തില്‍ വച്ച് പരാതിക്കാര്‍ക്ക് ആവശ്യമെങ്കില്‍ മന്ത്രിമാരെ കാണാനും അവസരം ലഭിക്കും.

അദാലത്തിന്റെ ആദ്യദിവസത്തെ വേദിയായ ആലപ്പുഴ ലജ്നത്തുള്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലെത്തി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ സൗകര്യങ്ങള്‍ വിലയിരുത്തി. പരാതിയുമായി എത്തുന്നവര്‍ക്ക് ബന്ധപ്പെടുന്നതിനായി ആവശ്യത്തിന് കൗണ്ടറുകള്‍ സ്കൂളില്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ കൗണ്ടറുകളിലെത്തിയാല്‍ പരാതിക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. കോവിഡ് മാനദണ്ഡം പരമാവധി പാലിച്ച് ആളുകളെ ഇരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ‍വിലയിരുത്തി.

ഓഡിറ്റോറിയത്തിന് വെളിയില്‍ ഇരുക്കുന്നതിന് അധിക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരാതിക്കാര്‍ക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളം നല്‍കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ കാന്‍റീനും വേദിക്കരികില്‍ പ്രവര്‍ത്തിക്കും. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു. അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് അലക്സ് ജോസഫ്, അമ്പലപ്പുഴ തഹസില്‍ദാര്‍ പ്രീതാ പ്രതാപന്‍, ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍.ഉഷ, സി.പ്രേംജി, കെ.ആര്‍.മനോജ് എന്നിവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായി.