കാസര്‍ഗോഡ്:  വിവിധ സേവനങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസിലെത്തുമ്പോള്‍ സൗഹാര്‍ദ്ദപരമായി ഇടപഴകാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും ജോലിത്തിരക്കുകള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന ജീവനക്കാരെ മനസ്സിലാക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിയണമെന്നും റവന്യുഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ട്വിന്‍ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര മേഖലകളിലേക്ക് ജോലിക്കായി വിദൂരങ്ങളില്‍ നിന്നെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനിടമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വില്ലേജ് ഓഫീസുകളുടെ അനുബന്ധിച്ച് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ പണിയുന്നത്.

ഭീമനടി വില്ലേജ് ഓഫീസില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് താമസം ഒരുക്കുന്നതിനായി കെഎസ്ഇബി സെക്ഷന്‍ ഓഫീസിനടുത്ത് മണിച്ചന്‍ കാണക്കാലില്‍ നല്‍കിയ ഭൂമിയിലാണ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. ഇരുനില കെട്ടിടത്തില്‍ കിടപ്പുമുറി. അടുക്കള, ശുചിമുറി, ഹാള്‍, സിറ്റൗട്ട് എന്നിവയടങ്ങിയ രണ്ട് ക്വാര്‍ട്ടേഴ്‌സാണ് ഉള്ളത്. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 27.5 ലക്ഷം രൂപക്ക് ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്.

ചടങ്ങില്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മയില്‍ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ വി രാജേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശാന്തികൃപ, വിവിധ കക്ഷി നേതാക്കളായ സി വി ശശിധരന്‍, പി കെ മോഹനന്‍, ഷാജി വെള്ളംകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കിയ മണിച്ചന്‍ കാണക്കാലിലിനെ ചടങ്ങില്‍ ആദരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ സി ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു സ്വാഗതവും വെള്ളരിക്കുണ്ട് താലൂക്ക് തഹസില്‍ദാര്‍ സി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.