എറണാകുളം: കോവിഡ്, കോതമംഗലത്തെ പട്ടയ വിതരണത്തിന് തടസമായില്ല. വർഷങ്ങളായി അപേക്ഷ നൽകി കാത്തിരുന്ന താലൂക്കിലെ 150 പേരുടേതുൾപ്പെടെ ജില്ലയിലെ 250 പേരുടെ പട്ടയം വിതരണത്തിന് തയ്യാർ. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, കോട്ടപ്പടി പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി ഭൂമി കൈവശംവച്ചനുഭവിച്ച് വന്നിരുന്ന ഭൂവുടമകൾക്ക് പട്ടയമെന്ന സ്വപനം സഫലമാവുകയാണ്. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ പ്രത്യേക നിർദ്ദേശാനുസരണം എ. ഡി.എം.സാബു.കെ. ഐസക്, കോതമംഗലം തഹസിൽദാർ റെയ്ച്ചൽ .കെ. വർഗീസ് എൽ.ആർ. തഹസിൽദാർ നാസർ.കെ എം എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പുദ്യോഗസ്ഥർ നടത്തിയ കഠിന പ്രയത്നത്തിനൊടുവിലാണ് നിയമക്കുരുക്കുകളിൽപ്പെട്ട് മുടങ്ങിക്കിടന്നിരുന്ന, പോക്ക് വരവ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തീകരിക്കുന്നത്.
കുട്ടമ്പുഴ മേഖലയിൽ 50 വർഷത്തിലേറെയായി ഭൂമി കൈവശം വച്ച് കൃഷി ചെയ്തു വന്നിരന്ന കർഷകർ ഹിൽമെൻ സെറ്റിൽമെൻ്റ് പ്രദേശത്തുൾപ്പെടുന്നു എന്ന നിയമ തടസ്സത്തിന്റെ പേരിൽ 15 സെൻറ് ഭൂമിയിൽ വീട് വക്കുന്നതിന് മാത്രമായിരുന്നു ഇത് വരെ പട്ടയമനുവദിച്ചിരുന്നത്. ഇതു മൂലം സർക്കാരിൽ നിന്ന് ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങൾ കർഷകർക്ക് നിഷേധിക്കപ്പെട്ടു. ഇക്കാര്യങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവന്ന് നിയമ തടസ്സങ്ങൾ നീക്കുകയും കുട്ടമ്പുഴ മേഖലയിലെ മുന്നോറോളം വരുന്ന ഭൂവുടമകൾക്കുള്ള പട്ടയ നടപടി ത്വരിതപ്പെടുത്തുകയുമുണ്ടായി.ഇതിൽ 110 പേർക്കുള്ള പട്ടയങ്ങൾ വിതരണത്തിന് തയ്യാറായതായി ജില്ലാ കളക്ടർ അറിയിച്ചു.
കോട്ടപ്പടി വില്ലേജിൽ മുട്ടത്തു പറ കോളനിയിൽ താമസിക്കുന്ന നിർധനരായ 11 പേർക്കുള്ള പട്ടയമാണ് തയ്യാറായിട്ടുള്ളത്. നാൽപ്പത് വർഷത്തിലേറെയായി പുറമ്പോക്കിൽ വീട് വച്ച് താമസിച്ചു വന്നവരാണിവർ. സർക്കാർ രേഖകളിൽ ഭൂമിയില്ലാത്ത ഇവർക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള സർക്കാർ സഹായമുൾപ്പടെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന മുട്ടത്തു പാറ കോളനി നിവാസികളുടെ ദുരിത ജീവിതം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ പ്രദേശത്ത് പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിച്ചത്. ഈ പ്രദേശത്തുള്ളവരുടെ സ്വപ്നമാണ് ഇപ്പോൾ സഫലമാകുന്നത്.
കോട്ടപ്പടി വില്ലേജിലെ വടാശ്ശേരി ഭാഗത്ത് കിടപ്പ് രോഗിയായ അവശതയനുഭവിക്കുന്നയാൾക്കും പട്ടയം നൽകും. 1993 മുതൽ അപേക്ഷ നൽകി കാത്തിരിക്കുന്ന ഇദ്ദേഹം പ്രയാധിക്യം മൂലം ദുരിതമനുഭവിക്കുകയാണ്. വിവിധ നിയമ തടസ്സങ്ങളിൽപ്പെട്ട് പട്ടയ നടപടികൾ മുടങ്ങി കിടക്കുകയായിരുന്നു. പൊളിഞ്ഞ് വീഴാറായ ഷെഡ്ഢിൽ വർഷങ്ങളായി തനിച്ച് താമസിച്ചു വരികയായിരുന്നു. ഇദ്ദേഹത്തിനും പ്രത്യേക പരിഗണന നൽകി പട്ടയം നൽകും.
തൃക്കാരിയൂർ വില്ലേജിൽ നിയമതടസ്സങ്ങളിൽപ്പെട്ട് വലയുകയായിരുന്ന കാൻസർ രോഗിക്കും അദാലത്തിലുൾപ്പെടുത്തി ഭൂമി നൽകുന്നതിന് നടപടി സ്വീകരിച്ചു. മുപ്പത് വർഷത്തിലേറെയായി കരമടക്കാൻ നിർവ്വാഹമില്ലാതെ, ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.
താലൂക്ക് തല സർക്കാർ അദാലത്തിനോടനുബന്ധിച്ച് പട്ടയ വിതരണം നിർവ്വഹിക്കും.നേര്യമംഗലം വില്ലേജിൽ ഭൂമി കൈവശം വച്ചും വീടുവച്ചും താമസിച്ചു വരുന്ന 13 പേർക്കുള്ള പട്ടയവും വിതരണത്തിന് തയ്യാറായിട്ടുണ്ട്. പതിനഞ്ചു സെന്റിൽ കൂടുതൽ ഭൂമിയിൽ കൃഷി ചെയ്തു വരുന്ന കൃഷിക്കാർക്കുള്ള പട്ടയ വിതരണ നടപടികൾ അവസാന ഘട്ടത്തിലാണ്.