എറണാകുളം:  ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആർ.ടി.പി. സി. ആർ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനമായി. ആകെ പരിശോധനയിൽ 75 ശതമാനവും ആർ ടി പി സി ആർ ആക്കാനാണ് തീരുമാനം. ആൻറിജൻ പരിശോധനയുടെ ഫലപ്രാപ്തി 50 മുതൽ 70 ശതമാനം വരെ ആണെന്നതിനാൽ കോവിഡ് സ്ഥിരീകരണത്തിന് ആർ.ടി.പി.സി ആർ തന്നെ ഉപയോഗപ്പെടുത്തും.

കോവിഡ് രോഗവ്യാപനം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല നോഡൽ ഓഫീസർമാരുടെ യോഗം തീരുമാനിച്ചു. ആൻറിജനു പകരം ആർ ടി പി സി ആർ പരിശോധനയ്ക്ക് ഊന്നൽ നൽകണമെന്ന് സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും, ലബോറട്ടറി കൾക്കും കർശന നിർദ്ദേശം നൽകും. ഇതിന് ചിലവ് കൂടുതലായതിനാൽ പൂൾ പരിശോധന പ്രോത്സാഹിപ്പിക്കും. അഞ്ചുപേരുടെ സാമ്പിൾ പരിശോധന ഒരുമിച്ച് നടത്തുന്നതാണ് ‘പൂൾ ടെസ്റ്റ്’. അത്യാവശ്യഘട്ടങ്ങളിൽ, രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമായി ആൻറിജൻ പരിശോധന പരിമിതപ്പെടുത്തും. ഇതിനാകട്ടെ ഐസിഎംആർ അംഗീകാരമുള്ള കിറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ.

രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ സെക്ടർ മജിസ്ട്രേറ്റുമാർ, പോലീസ്, മുൻനിര പ്രവർത്തകർ എന്നിവരെ കൂടുതലായി വിന്യസിക്കും. കോവിഡ് ബോധവൽക്കരണം ലക്ഷ്യമിട്ട് പ്രചരണ പരിപാടികൾ ശക്തിപ്പെടുത്തും. ഇളവുകളുടെ ദുരുപയോഗം തടയുന്നതിനും അനാവശ്യ ഒത്തുചേരലുകൾ നിരുത്സാഹപ്പെടുത്തുന്നതിനും പൊതുസ്ഥലങ്ങൾ, ബീച്ചുകൾ, എന്നിവ കേന്ദ്രീകരിച്ച് പോലീസിന്റെ വിന്യാസം വിപുലമാക്കും. കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങൾ ശക്തമാക്കും. സോണുകൾ അടയാളപ്പെടുത്തുകയും പൊതുജനങ്ങളുടെ അറിവിലേക്കായി ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. എസ് ഡി എം എയുടെ വെബ്സൈറ്റിലും നൽകും.

ജില്ലയിൽ ഒട്ടാകെ 8500 സി എഫ് എൽ ടി സി ബെഡുകൾ ക്രമീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വീട്ടിൽ ചികിത്സയിലുള്ള രോഗികൾക്ക് ആവശ്യമെങ്കിൽ പരിശോധന നടത്തുന്നതിനായി അഞ്ച് ആശുപത്രികളിൽ പ്രത്യേക ഒ.പി സൗകര്യമൊരുക്കും. മൂവാറ്റുപുഴ ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, പറവൂർ, ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രികൾ, സിയാൽ കോവിഡ് അപെക്സ് സെൻറർ എന്നിവിടങ്ങളിലാണ് ഒ.പി സൗകര്യം ഒരുക്കുക.

എട്ട് ആശുപത്രികളിൽ കോവിഡ് കിടത്തി ചികിത്സാ സൗകര്യവും ഒരുക്കും. തൃപ്പൂണിത്തുറ, പള്ളുരുത്തി താലൂക്ക് ആശുപത്രികൾ, വെങ്ങോല, പണ്ടപ്പിള്ളി, രാമമംഗലം, വടവുകോട് കടയിരുപ്പ്, മാലിപ്പുറം സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കിടത്തി ചികിത്സ സൗകര്യം ഒരുക്കുക. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും, ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.