എറണാകുളം: വിമുക്തി ലഹരി വർജന മിഷനും കുടുംബശ്രീ സ്നേഹിതയും സംയുക്തമായി നടത്തിയ ജില്ലാതല “ഗാന്ധി സ്മൃതി ” ക്വിസ് മത്സരത്തിൽ വടവുകോട് ബ്ലോക്കിലെ മഴുവന്നൂർ സി.ഡി.എസിലെ ബീന ജോസ് ഒന്നാം സ്ഥാനം നേടി. വൈപ്പിൻ ബ്ലോക്കിലെ എടവനക്കാട് സി.ഡി.എസിലെ രേഷ്മ സി.കെ. രണ്ടാം സ്ഥാനവും പാമ്പാക്കുട ബ്ലോക്കിലെ രാമമംഗലം സി.ഡി.എസിലെ സൗമ്യ ബിജു മുന്നാം സ്ഥാനവും നേടി. ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്നും ബ്ലോക്ക് തല മത്സരത്തിലെ വിജയികളായ 14 പേരാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്.

ഗാന്ധിജിയും സ്വാതന്ത്യ സമരവും എന്നതായിരുന്നു മത്സര വിഷയം. കാക്കനാട് കുടുംബശ്രീ സ്നേഹിത ഹാളിൽ നടന്ന ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവും ഗാന്ധിയനുമായ പ്രൊഫ.ടി.എം.വർഗീസ് ക്വിസ് മത്സരം നയിച്ചു. വിമുക്തിമാനേജർ ജി.സജിത്കുമാർ മുഖ്യ അതിഥിയായി.വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ അധ്യക്ഷത വഹിച്ചു. സ്നേഹിത സർവ്വീസ് പ്രൊവൈഡർമാരായ സ്മിത മനോജ്, പ്രസീദ സുകുമാരൻ, കൗൺസലർമാരായ ജെസ്മിൻ ജോർജ്, കവിതാ ഗോവിന്ദ്, അനുജ നജീബ്, സ്മിത ബാബു തുടങ്ങിയവർ നേതൃത്വം നൽകി. വിമുക്തി മിഷനും കുടുംബശ്രീയും സംയുക്തമായി ജില്ലയിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗാന്ധിജിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ കുടുംബശ്രീ വിജിലൻറ് ഗ്രൂപ്പംഗങ്ങൾക്കായി ക്വിസ് മത്സരം നടത്തിയത്