എറണാകുളം: ഒഡെപെക് മുഖേനയുള്ള റിക്രൂട്ട്മെന്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ സഹകരണത്തോടെ ഓവര്‍സീസ് ഡവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് അങ്കമാലിയില്‍ ആരംഭിച്ച ഒക്യൂപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തില്‍ തൊഴിലുകളുടെ ഘടനയിലും സ്വഭാവത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ ഉയര്‍ന്ന നിലവാരം കൈവരിക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് നൈപുണ്യവികസനത്തിന് ഇപ്പോഴത്തെ ഗവണ്‍മെന്റ് ഉയര്‍ന്ന പരിഗണന നല്‍കുന്നതും നൈപുണ്യപരിശീലനപദ്ധതികള്‍ നടപ്പാക്കുന്നതും. കോവിഡ് 19 നെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും വിദേശ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് തുടരാന്‍ ഒഡെപെക്കിന് കഴിഞ്ഞത് സര്‍ക്കാരിന്റെ ആര്‍ജ്ജവത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രഫഷണലുകള്‍ അടക്കമുള്ളവരെ റിക്രൂട്ട് ചെയ്യുന്നതില്‍ വിദേശരാജ്യങ്ങള്‍ക്ക് ഏറെ താല്‍പര്യമുണ്ട്. കഴിവും തൊഴിലിനോടുള്ള പ്രതിബദ്ധതയുമാണ് ഇതിന് മുഖ്യ കാരണം. ആരോഗ്യ-സേവന-വിവര സാങ്കേതികവിദ്യാ മേഖലകളിലാണ് കൂടുതല്‍ അവസരങ്ങള്‍ക്ക് സാധ്യതയുള്ളത്. അവിദഗ്ധ തൊഴിലാളികള്‍ക്കും വലിയ സാധ്യതകള്‍ ഉയര്‍ന്നുവരും. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഒഡെപെക്കിന്റെ പ്രവര്‍ത്തനമേഖല കൂടുതല്‍ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍മേഖലയിലെ ആവശ്യകതയും ഭാവിയിലെ തൊഴിലവസരങ്ങളും കണക്കിലെടുത്ത് കൂടുതല്‍ പരിശീലനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഒഡെപെക്കും കേയ്സും വഴി നടപടിയെടുക്കും.കേരളത്തിലെ തൊഴില്‍ രഹിതരായ എല്ലാവര്‍ക്കും ജോലി ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ ബജറ്റ് വഴി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി സര്‍ക്കാര്‍-സ്വകാര്യ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തും. രാജ്യത്തിനകത്തും വിദേശത്തുമുള്ള തൊഴില്‍ കമ്പോളങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അവസരം ലഭ്യമാകുന്നതിന് ആധുനീക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാസമ്പന്നരായ തൊഴില്‍ തേടുന്ന യുവാക്കളെയും അസംഘടിത മേഖലയിലെ വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് നൈപുണ്യ പരിശീലന പദ്ധതി കൂടുതല്‍ വിപുലൂകരിക്കും. കൊവിഡ് പ്രതിസന്ധിയില്‍ പോലും ആരും പട്ടിണി കിടക്കാതിരിക്കാന്‍ കരുതലൊരുക്കിയ സര്‍ക്കാര്‍ തൊഴില്‍ രംഗത്തും ഇതേ മാതൃക തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ അയയ്ക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ ഏജന്‍സി കൂടിയാണ് ഒഡെപെക്ക്. വിദേശരാജ്യങ്ങളിലേക്ക് പ്രഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരെ റിക്രൂട്ട് ചെയ്യുന്നതില്‍ ഒഡെപെക് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിവരികയാണ്. ഇത് ഉദ്യോഗാര്‍ഥികളുടെ മികച്ച നൈപുണ്യശേഷിയും ഉയര്‍ന്ന ഭാഷാപരിജ്ഞാനവും കൂടുതല്‍ അവസരങ്ങള്‍ നേടുന്നതിന് വഴിയൊരുക്കും.തൊഴിലന്വേഷകര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ക്കിരയാകുന്നത് തടയാനും ഒഡെപക്കിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍ അധ്യക്ഷനായിരുന്നു. ഇബെക്ക് ചെയര്‍മാന്‍ ജി.ശ്രീകണ്്ടന്‍, ആശിഷ് ഭൂഷണ്‍ , ഒഡെപെക് ഡയറക്ടര്‍ ബോര്‍ഡംഗം വി.എന്‍.പി.കൈമള്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഒഡെപെക് ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ കെ.എ.അനൂപ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.