എറണാകുളം: കാർഷിക മേഖലയിലെ പ്രതിസന്ധി വ്യവസായ മേഖലയെ നേരിട്ട് ബാധിക്കുന്നതാണെന്നും അതിനാൽ കർഷകരുടെ പരാതികൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് വ്യാവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഇരുമ്പനം ട്രാക്കോ കേബിൾ ലിമിറ്റഡ് കമ്പനിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും ആധുനിക മെഷീനറികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന് പറഞ്ഞ മന്ത്രി പൊതുമേഖല സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും തുടർച്ചയായി 10 വർഷത്തിലധികം താത്കാലിക അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്നവരെ സ്ഥിരപ്പെടുത്തുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് വ്യക്തമാക്കി.

പി.എസ്.സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയിലൂടെയുള്ള നിയമനങ്ങൾക്ക് ഇത്തരം നിയമനങ്ങൾ തടസമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.കൂടുതൽ തൊഴിലാളികളും ഉത്പന്നങ്ങളുമായി ട്രാക്കോ കേബിൾ ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കും. ട്രാക്കോ കമ്പനിക്ക് സർക്കാർ നൽകിയ തുകയുടെ പലിശ ഒഴിവാക്കും. ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്കിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടി ഊർജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.

അനൂപ് ജേക്കബ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പ്രസാദ് മാത്യു, ചെയർമാൻ എ.ജെ ജോസഫ്, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമാ സന്തോഷ്, നഗരസഭാംഗം ശ്രീജ മനോജ്, ട്രാക്കോ ഇരുമ്പനം യൂണിറ്റ് മേധാവി ദീപ മെറിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.