പിണറായി ഗ്രാമപഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായുളള കരനെൽകൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം പടന്നക്കര കുന്നുംവയലിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി എസ്.സുനിൽ കുമാർ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ അധ്യക്ഷത വഹിച്ചു. ഒരു സെന്റ് നെൽകൃഷി ചെയ്യുന്നതിലൂടെ 140000 ലിറ്റർ ജലമാണ് ഭൂമിയിൽ സംരക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് നാം നെൽകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി തരിശിട്ട നെൽവയലുകൾ പൂർണ്ണമായും കൃഷി ചെയ്യണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ 63 ലക്ഷം വീടുകളിൽ സ്വന്തം പച്ചക്കറികൃഷി നടത്തുകയാണെങ്കിൽ അന്യസംസ്ഥാനങ്ങളിലെ വിഷലിപ്തമായ പച്ചക്കറിയെ ആശ്രയിക്കേണ്ടി വരില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 42 ലക്ഷം പച്ചക്കറി വിത്തുകൾ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യുമെന്നും ഈ രീതിയിൽ കേരളത്തെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കൃഷി ഓഫീസർ ലളിത. വി.കെ, ജില്ലാ പഞ്ചായത്ത് അംഗം പി.വിനീത, പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗീതമ്മ സ്വാഗതവും കൃഷി ഓഫീസർ എൽദോസ ് എബ്രഹാം നന്ദിയും പറഞ്ഞു.