തൃശ്ശൂർ: സാന്ത്വന സ്പർശം അദാലത്തിലൂടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കുമ്പോൾ കോമ്പിൽ വീട്ടിൽ രാജന് യാഥാർത്ഥ്യമാകുന്നത് നല്ലൊരു വീടെന്ന സ്വപ്നം. തൃശൂർ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ ജില്ലയിലെ മൂന്ന് മന്ത്രിമാർ ചേർന്ന് രാജനും ഭാര്യ സുമതിയ്ക്കും വീട് നിർമ്മിച്ച് നൽകുന്നതിനുള്ള സാക്ഷ്യ പത്രം കൈമാറി.
75 വർഷമായി രാജനും ഭാര്യ
സുമതിയും അമ്മ ജാനകിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം കൂർക്കഞ്ചേരി താലൂക്കിൽ പെടുന്ന വടൂക്കരയിൽ പുറമ്പോക്ക് ഭൂമിയിലാണ് ജീവിക്കുന്നത്. സാന്ത്വന സ്പർശം അദാലത്തിൽ എത്തിപ്പെടുന്നത് വരെ, തലമുറകളായി ജീവിക്കുന്ന ഭൂമിയുടെ അവകാശവും നല്ലൊരു വീടും എന്ന മോഹം സ്വപ്നങ്ങളിൽ മാത്രമായി ഒതുങ്ങുമെന്നാണ് രാജൻ കരുതിയത്. 20 വർഷമായി ക്യാൻസർ രോഗബാധിതനാണ് രാജൻ. ഇതിനിടയിൽ രണ്ട് തവണ ഹൃദയാഘാതവും പിടികൂടി. 25 വയസ്സായ ഏക മകൾ ആതിരയുടെ രണ്ട് കാലുകളും തളർന്നതാണ്. ഏഴാം ക്ലാസ്സ് വരെ സധാരണ കുട്ടികളെ പോലെ കളിച്ചും ചിരിച്ചു നടന്ന ആതിരക്ക് വില്ലനായി വന്നത് മസിൽ വീക്കം എന്ന അസുഖമായിരുന്നു. അസുഖത്തെ തുടർന്ന് രണ്ട് കാലിനും ബലകുറവ് സംഭവിച്ച ആതിരയ്ക്ക് പരസഹായമില്ലാത്തെ ചലിക്കാൻ കഴിയില്ല. വീൽചെയറിലാണ് ആതിരയുടെ സവാരി. തയ്യൽ തൊഴിലാളിയായ ഭാര്യ സുമതിയുടെ വരുമാനത്തിലാണ് ഈ കുടുംബം.
വയസായ തൻ്റെ അമ്മ ജാനകിയും ശാരീരിക വൈകല്യമുള്ള മകളെയും സുരക്ഷിതമായ വീട്ടിൽ താമസിപ്പിക്കണമെന്ന ആഗ്രഹമാണ് രാജനെ അദാലത്തിൽ എത്തിച്ചത്. രാജൻ്റെ ആവശ്യം ഉടൻ പരിഹരിക്കുന്നതിന് വേണ്ട നടപടിയാണ് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ സ്വീകരിച്ചത്.
ഓലക്കുടിലിൽ താമസിക്കുന്ന രാജൻ്റെ കുടുംബത്തിന് 7 ലക്ഷം രൂപ ചിലവിൽ
നോട്ടറി ക്ലബ് മൂന്ന് സെൻ്റ് ഭൂമിയിൽ വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. അതിനാൽ വീടു പണി തുടങ്ങുന്നതിനായി ഉടൻ എൻ ഒ സി നൽകാൻ മന്ത്രി ഉത്തരവിട്ടു. വരുന്ന പട്ടയമേളയിൽ ഈ കുടുംബത്തിന് പട്ടയം നൽകുമെന്നും കൃഷി മന്ത്രി പറഞ്ഞു. പട്ടയം നൽകാനുള്ള നടപടിക്കായി അപേക്ഷ തഹസിൽദാർക്ക് നൽകിയിട്ടുണ്ട്.