നാഷണൽ ട്രസ്റ്റിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ 2021-22 വർഷത്തിലെ പോളിസി പുതുക്കാൻ 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 55,778 ഗുണഭോക്താക്കൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. ഗുണഭോക്താക്കൾ നാഷണൽ ട്രസ്റ്റിലേക്ക് അടയ്‌ക്കേണ്ട വാർഷിക പ്രീമിയം തുക സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് വഴിയാണ് നൽകുന്നത്. കേരള സർക്കാരിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ശക്തമായ ഇടപെടലും സാമ്പത്തിക സഹായവും കൊണ്ടു മാത്രമാണ് ഇത്രയേറെ പേരെ നിരാമയ ഇൻഷുറൻസിന് കീഴിൽ കൊണ്ടുവരാനായതെന്നും മന്ത്രി വ്യക്തമാക്കി.
ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൽ ഡിസെബിലിറ്റി എന്നിവ ബാധിച്ചവർക്ക് സമ്പൂർണ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ നാഷണൽ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നിരാമയ ഇൻഷുറൻസ്. ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ വഴി ലോക്കൽ ലെവൽ കമ്മിറ്റികളും സ്റ്റേറ്റ് നോഡൽ ഏജൻസി സെന്ററും മുഖേനയാണ് പദ്ധതി നിർവഹിക്കുന്നത്. ഇപ്രകാരം 2020-21ൽ പുതുതായി ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തവരേയും പോളിസി പുതുക്കിയവരേയും ഉൾപ്പെടെ ആകെ 55,778 ഗുണഭോക്താക്കളുടെ പദ്ധതി പുതുക്കുന്നതിനാണ് തുക അനുവദിച്ചത്.
നാഷണൽ ട്രസ്റ്റിന്റെ നിരാമയ ഇൻഷുറൻസ് പദ്ധതിയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ ചേർത്തതും ലീഗൽ ഗാർഡിയനെ നിയമിച്ചതുമായ സംസ്ഥാനം കൂടിയാണ് കേരളം.