മൃഗചികിത്സാ രംഗത്തും കർഷകർക്കും പ്രയോജനകരമായ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അങ്കണത്തിൽ രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം നിർവഹിക്കും. കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അത്യാധുനിക ലേസർ ഡിജിറ്റൽ എക്സ്റേ യൂണിറ്റിന് തുടക്കം കുറിക്കും. വളർത്തു മൃഗങ്ങൾക്ക് രാത്രികാല ചികിത്സ ലഭ്യമാക്കാൻ സംസ്ഥാനത്തിന്റെ 152 ബ്ലോക്കുകളിൽ രാത്രികാല ചികിത്സാ സൗകര്യം ആരംഭിക്കും. ഉരുക്കൾക്കുണ്ടാകുന്ന രോഗങ്ങൾ കാരണം കർഷകർക്ക് വളരെയധികം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതിനു പരിഹാരമായാണ് ഗോസമൃദ്ധി- എൻ.എൽ.എം. ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്.

ഇൻഷുറൻസ് പോളിസിയുടെ ആദ്യ വിതരണം മേയർ ആര്യ രാജേന്ദ്രൻ എസ്. നിർവഹിക്കും. റീബിൽഡ് കേരള പദ്ധതികളുടെ ആനുകൂല്യ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ്‌കുമാർ നിർവഹിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളർത്തൽ പദ്ധതിയുടെ ആനുകൂല്യ വിതരണം കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ ജയചന്ദ്രൻ നായർ എസ്. നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. ശശി തരൂർ എം.പി. മുഖ്യാതിഥിയാകും.