ആലപ്പുഴ: ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന സരള അദാലത്തിലെത്തിയത് താന്‍ താമസിക്കുന്ന ഭൂമിയില്‍ വീട് വെയ്ക്കാന്‍ ലൈഫ് പദ്ധതി അപേക്ഷകള്‍ വിവിധ കാരണങ്ങള്‍ നിരത്തി  നിരസിക്കുന്നു എന്ന പരാതിയുമായാണ്. ഭര്‍ത്താവ് ശശിധരന്റെ പേരില്‍ പട്ടിക ജാതി വകുപ്പില്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചുവെങ്കിലും ആ കാലയളവില്‍ ഭര്‍ത്താവ് മരണപെട്ടപ്പോള്‍ അപേക്ഷകന്‍ മരണപെട്ടു എന്ന പേരില്‍ അര്‍ഹത ലിസ്റ്റില്‍ നിന്നും പുറത്തായി. രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിട്ട സരള വീണ്ടും അപേക്ഷിച്ചപ്പോള്‍ മകളെ വിവാഹം ചെയ്ത് അയച്ച  വീട് ഇതേ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ തരാന്‍ സാധിക്കില്ല എന്നാണ് മറുപടി ലഭിച്ചതെന്ന് പറയുന്നു.
സാന്ത്വന സ്പര്‍ശം അദാലത്തില്‍ എത്തിയ സരളയെ ഈ കാരണങ്ങള്‍ കൊണ്ട് ഒന്നും അര്‍ഹത ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടില്ല എന്നും കൈവശ രേഖയുള്ള വസ്തുവായതിനാല്‍ ലൈഫ് പദ്ധതിപ്രകാരം വീട് ലഭിക്കുവാന്‍ വേണ്ട ധന സഹായം ലഭിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അറിയിച്ചു. പട്ടിക ജാതി വികസന വകുപ്പിന് ഏഴ് പരാതികളാണ് സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ ലഭിച്ചത്. വകുപ്പിലെ വിവിധ പദ്ധതികളിലായി ധനസഹായം ലഭിച്ചിട്ടില്ല എന്ന പരാതികളായിരുന്നു കുടുതലും.