ആലപ്പുഴ: പുറക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ധന്യയുടെ മൂന്നുമാസം പ്രായമായ മകന്‍ അദ്വൈതിന് തുടര്‍ ചികിത്സയ്ക്കായി സൗജന്യ ധന സഹായം ഉറപ്പാക്കി സാന്ത്വന സ്പര്‍ശം അദാലത്ത്. കുഞ്ഞുമായി അദാലത്തില്‍ നേരിട്ടെത്തിയ ധന്യ ധനമന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്കിനെ കാണുകയും കുഞ്ഞിന്റെ രോഗബാധയെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ധനസഹായം അനുവദിച്ചത്.

ആന്തരിക അവയങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നവും ഹൃദയ സംബന്ധമായ അസുഖവുമാണ് കുഞ്ഞിനുള്ളത്. ഇതിന്റെ ഭാഗമായി ആദ്യ ശസ്ത്രക്രിയ ഇതിനകം കഴിഞ്ഞു. ഇനി രണ്ട് ശസ്ത്രക്രിയകള്‍ കൂടി പൂര്‍ത്തിയായാല്‍ മാത്രമേ അദ്വൈതിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കൂ. അസുഖമുള്ള കുഞ്ഞാണെന്ന് അറിഞ്ഞതോടെ ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയിരുന്നു. പിന്നീട് പിതാവിന്റെ സഹായത്തോടെയാണ് ജീവിതം മുന്‍പോട്ടു പോയിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പിതാവ് മരിച്ചതിന് ശേഷം സുഖമില്ലാത്ത അമ്മയ്‌ക്കൊപ്പമാണ് ധന്യ പുറക്കാട് താമസിക്കുന്നത്. ചികിത്സായയ്ക്കുള്ള മുഴുവന്‍ പണവും സൗജന്യമായി നല്‍കാമെന്ന ധനമന്ത്രിയുടെ ഉറപ്പിലും ആത്മവിശ്വാസത്തിലുമാണ് ധന്യ അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്.
(ചിത്രമുണ്ട്)