കൊച്ചി: വൈറ്റിലെ അണ്ടര്‍പാസിനു കിഴക്ക് വശത്തായി സര്‍വീസ് റോഡിലുള്ള കൈയേറ്റങ്ങള്‍ ജില്ല കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചു. സര്‍വീസ് റോഡ് മുതല്‍ ജംക്ഷന്‍ വരെയുള്ള ഭാഗത്തെ കൈയേറ്റങ്ങള്‍ നേരത്തേ റവന്യൂ വകുപ്പ് മാര്‍ക്ക് ചെയ്തിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങളുടെ കോംപൗണ്ട് വാള്‍, പാര്‍ക്കിംഗ് ഏരിയ, പരസ്യ ഹോര്‍ഡിംഗുകള്‍ എന്നിവയാണ് പൊളിച്ചു നീക്കിയത്. ഈ ഭാഗത്ത് ഒരു സെന്റോളം സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെടികളുടെ നഴ്‌സറി നീക്കം ചെയ്യാനും കളക്ടര്‍ നിര്‍ദേശിച്ചു.  ഇതേ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന പച്ചക്കറി കടകള്‍, തട്ടുകടകള്‍ തുടങ്ങിയവ ദേശീയ പാത അതിര്‍ത്തിയില്‍ നിന്ന് പിന്നോട്ട് മാറ്റി സ്ഥാപിച്ചു. റോഡ് ജെസിബി ഉപയോഗിച്ച് നിരപ്പാക്കി. വൈറ്റില ജംക്ഷനില്‍ ഹബ്ബിലേക്ക് തിരിയുന്ന ഭാഗത്തുള്ള ചില കൈയേറ്റങ്ങള്‍ സ്വമേധയാ നീക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് ഒരു ദിവസത്തെ സമയം അനുവദിച്ചു. സര്‍വീസ് റോഡിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍, ടെലിഫോണ്‍ പോസ്റ്റുകള്‍, കാന എന്നിവ റോഡിന്റെ അറ്റത്തേക്ക് മാറ്റി റോഡിന് വീതി വര്‍ധിപ്പിക്കുകയും ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചത്. മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വൈറ്റിലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടി.  തഹസില്‍ദാര്‍ (എല്‍ആര്‍) പി.ആര്‍. രാധിക, എന്‍എച്ച് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.