കോട്ടയം:  ജില്ലയിലെ 31 ഗ്രാമപഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളിൽ വിതാനിക്കാന്‍ 3.66 കോടി രൂപയുടെ കയർ ഭൂവസ്ത്രം വാങ്ങുന്നതിന് ധാരണയായി.

മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ധാരണാ പത്രങ്ങളിൽ എം ജി. എൻ. ആർ. ഇ. ജി.എസ് ജോയിൻ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി.എസ്. ഷിനോ, വൈക്കം കയർ പ്രോജക്ട് ഓഫീസർ എസ്. സുധാ വർമ്മ, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, പള്ളം, പാമ്പാടി ബ്ലോക്ക് പഞ്ചായത്തുകളിൽപ്പെട്ട ഗ്രാമ പഞ്ചായത്തുകളിലെ സെക്രട്ടറിമാർ എന്നിവർ ഒപ്പുവച്ചു.

മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കോമളവല്ലി രവീന്ദ്രൻ, അപ്പെക്സ് ബോഡി ഫോർ കയർ മെമ്പർ കെ. ബി. രമ, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് സി.ആർ പ്രസാദ്, കയർ പ്രോജക്ട് അസിസ്റ്റൻ്റ് രജിസ്ട്രാർ സി. ഗോപകുമാർ , സീനിയർ സഹകരണ ഇൻസ്പെക്ടർ സി.ഡി സ്വരാജ് എന്നിവർ സംസാരിച്ചു.

ഭൂവസ്ത്ര വിതാനത്തിൻ്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഫോമിൽ പ്രോജക്ട് കോ- ഓർഡിനേറ്റർ എ.ജി മോഹനൻ വിശദീകരിച്ചു.ഫെബ്രുവരി അഞ്ചിന് മാടപ്പള്ളി, വാഴൂർ, ഉഴവൂർ, ളാലം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ബ്ലോക്കുകളിൽപ്പെടുന്ന ഗ്രാമ പഞ്ചായത്തുകളുമായി ധാരണാ പത്രം ഒപ്പുവയ്ക്കും.