സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി
തിരുവനന്തപുരം: ജില്ലയില്‍ ഹരിത ഓഡിറ്റ് നടത്തി ഹരിത ഓഫീസുകളായി തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. കളക്ടറേറ്റിനു ലഭിച്ച എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഏറ്റുവാങ്ങി. ജില്ലയില്‍ ആകെ 1,726 സര്‍ക്കാര്‍ ഓഫിസുകളില്‍ നടത്തിയ ഓഡിറ്റില്‍ 1,366 ഓഫിസുകള്‍ ഹരിത സര്‍ട്ടിഫിക്കറ്റിന്  അര്‍ഹത നേടി. ഇതില്‍ 458 ഓഫിസുകള്‍ ‘എ’ ഗ്രേഡും 447 ഓഫിസുകള്‍ ‘ബി’ ഗ്രേഡും 461 ഓഫിസുകള്‍ ‘സി’ ഗ്രേഡും സ്വന്തമാക്കി.  ഇന്ന് നടന്ന ചടങ്ങില്‍ 66 ഓഫിസുകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
ഹരിത സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഓഫീസുകള്‍ അവ നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ പറഞ്ഞു. ഗ്രേഡിംഗ് ലഭിക്കാത്ത ഓഫീസുകളും കുറഞ്ഞ ഗ്രേഡ് ലഭിച്ച ഓഫീസുകളും നില മെച്ചപ്പെടുത്താന്‍ ശ്രമിക്കണം.  പരിസര ശുചിത്വവും ഉറവിട മാലിന്യ സംസ്‌കരണവും നമ്മുടെ ജീവിതചര്യയായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റിന് എ ഗ്രേഡ് ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഹരിതകേരളം മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം വന്‍ വിജയമാണെന്നും കളക്ടര്‍ പറഞ്ഞു.
ചടങ്ങില്‍ ജില്ലയിലെ 66 സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാക്കിയുള്ള ഓഫീസുകളുടെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.  ശുചിത്വ മിഷന്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഫിലിപ്പ് പി.ഡി, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ശുചിത്വ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഷീബ പ്യാരേലാല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.